Fincat

ഭാര്യാപിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് മരുമകൻ

മലപ്പുറം: ഭാര്യ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. മലപ്പുറം ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുൾ സമദ് നെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് 3.45ഓടെ കൂറ്റമ്പാറ രാമംക്കുത്ത് റോഡിൽ ചേനാംപാറയിലാണ് സംഭവം. ബൈക്കിൽ വരുകയായിരുന്ന അബ്ദുള്ളയെ മുൻ വിരോധം വെച്ച് അബ്ദുൾ സമദ് കാർ ഇടിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ച് വീണ അബ്ദുള്ളയെ വീണ്ടും ഇടിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. ഭാര്യ തന്റെ വീട്ടിൽ താമസിക്കാത്തതിനു കാരണം പിതാവായ അബ്ദുള്ളയാണ് എന്ന ധാരണയാണ് അബ്ദുൾ സമദിൻ്റെ വിരോധത്തിനു കാരണം.

മറ്റൊരു സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിലായി. മണ്ണാർക്കാട് പാലക്കയം ചെത്തിയത്ത് വീട്ടിൽ ബേബി തങ്കമ്മ ദമ്പതിമാരുടെ മകൾ ശില്പയ്ക്കാണ് കുത്തേറ്റത്. ഇവരുടെ ഭർത്താവ് കൈതച്ചിറ സ്വദേശി റോബിനാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. മൂന്നര വര്‍ഷം മുമ്പാണ് ശിൽപ്പയും ഭര്‍ത്താവ് റോബിനും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മിൽ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. തര്‍ക്കം കൂടിയതോടെ ശിൽപ പാലക്കയത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇവിടെയെത്തിയാണ് റോബിൻ ആക്രമിച്ചത്.