ഇന്ത്യക്കെതിരെ 14 ദിവസത്തിന് ഇടയിൽ മൂന്നാം വട്ടവും തോറ്റതിന്റെ രോഷം സമ്മാനദാന ചടങ്ങിൽ പരസ്യമായി പ്രകടമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. റണ്ണേഴ്സ് അപ്പിന് ലഭിച്ച ചെക്ക് വാങ്ങിയതിന് ശേഷം അത് അവിടെ വെച്ച് തന്നെ മറ്റൊരു സൈഡിലേക്ക് വലിച്ചെറിഞ്ഞിട്ട് പോവുകയാണ് സൽമാൻ അലി ആഗ ചെയ്തത്.
സൽമാൻ അലി ആഗയുടെ ഈ രോഷപ്രകടനത്തെ കൂകിവിളിച്ചാണ് ഗ്യാലറിയിലെ ഇന്ത്യൻ ആരാധകർ നേരിട്ടത്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിൻ നഖ്വിയിൽ നിന്നാണ് സൽമാൻ ആഗ സമ്മാനദാന ചടങ്ങിൽ ചെക്ക് ഏറ്റുവാങ്ങിയത്. എന്നാൽ നഖ്വിയുടെ മുൻപിൽ വെച്ച് തന്നെ സൽമാൻ ഇത് വലിച്ചെറിഞ്ഞു. ചെക്ക് വലിച്ചെറിഞ്ഞശേഷം ടിവി അവതാരകന്റെ അടുത്തേക്ക് പ്രതികരണത്തിന് പോവുകയായിരുന്നു പാക് ക്യാപ്റ്റൻ. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ വൈറലായി.
ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് സൂര്യകുമാർ യാദവ് തനിക്ക് ഹസ്തദാനം നൽകിയതായി സൽമാൻ അവകാശപ്പെടുന്നുണ്ട്. തന്റെ ടീമിന് ഹസ്തദാനം നൽകാതിരുന്നതിലൂടെ ഇന്ത്യ ക്രിക്കറ്റിനോടാണ് അനാദരവ് കാണിച്ചിരിക്കുന്നത് എന്നും സൽമാൻ അലി പറഞ്ഞു. ഫൈനലിന് ശേഷമുള്ള പ്രസ് കോൺഫറൻസിലാണ് സൽമാൻ അലിയുടെ പ്രതികരണം.
“ടൂർണമെന്റിന്റെ തുടക്കത്തിൽ പ്രസ് കോൺഫറൻസിൽ സൂര്യകുമാർ യാദവ് എനിക്ക് ഹസ്തദാനം നൽകിയിരുന്നു. റഫറീയുമായുള്ള മീറ്റിങ്ങിലും സൂര്യ എനിക്ക് ഹസ്തദാനം നൽകി. എന്നാൽ ലോകത്തിന് മുൻപിലെത്തിയപ്പോൾ സൂര്യ എനിക്ക് കൈ നൽകാൻ തയ്യാറായില്ല. സൂര്യക്ക് നൽകിയ നിർദേശം അദ്ദേഹം പിന്തുടരുകയായിരുന്നിരിക്കാം . അതിൽ കുഴപ്പമൊന്നുമില്ല,” സൽമാൻ അലി ആഗ പറഞ്ഞു.
“ഈ ടൂർണമെന്റിൽ സംഭവിച്ചതെല്ലാം നിരാശാജനകമാണ്. ഞങ്ങൾക്ക് ഹസ്തദാനം നൽകാത്തതിലൂടെ ഞങ്ങളെ അപമാനിക്കുന്നു എന്നാണ് ഇന്ത്യ കരുതുന്നത്. അങ്ങനെയല്ല. ക്രിക്കറ്റിനെയാണ് അപമാനിക്കുന്നത്. ഇന്ന് ഇന്ത്യ ചെയ്തത് പോലെ ഒരിക്കലും ഒരു നല്ല ടീം ചെയ്യില്ല. ഞങ്ങൾ ഫോട്ടോഷൂട്ടിന് തനിച്ച് പോയി. മെഡൽ വാങ്ങി. ഇന്ത്യക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇന്ത്യ ക്രിക്കറ്റിനെ അവഹേളിക്കുകയാണ് ചെയ്തത്,” പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു.