Fincat

തദ്ദേശ തെരഞ്ഞെടുപ്പ് : ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഒരു വാര്‍ഡിലെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കോ മറ്റൊരു വാര്‍ഡിലേക്കോ മാറുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാന്‍ ഒക്ടോബര്‍ 14 വരെ അവസരമുണ്ട്. സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു.

2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതാത് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധപ്പെടുത്തണം. മരണപ്പെട്ടവരുടെ പേരുവിവരം രജിസ്റ്ററുകള്‍ പരിശോധിച്ചും അന്വേഷണം നടത്തിയും ഉറപ്പുവരുത്തിയതിനുശേഷം തദ്ദേശസ്ഥാപനങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണം. ഏഴു ദിവസങ്ങള്‍ക്കുശേഷം ആക്ഷേപങ്ങള്‍ ഇല്ലെങ്കില്‍ മരണപ്പെട്ട ആളുടെ പേര് വിവരങ്ങള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ സ്വമേധയാ നീക്കം ചെയ്യണം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://www.sec.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിലെ സൈന്‍ ഇന്‍ പേജിലെ സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ വഴി പേരും മൊബൈല്‍ നമ്പറും പാസ്സ്വേര്‍ഡും നല്‍കി പ്രൊഫൈല്‍ ഉണ്ടാക്കണം. വിശദമായ വിവരങ്ങള്‍ വീഡിയോ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വോട്ടര്‍ പട്ടികയില്‍ ആദ്യമായി പേരു ചേര്‍ക്കുന്നതിന് ഫോം നാല് എന്ന ബട്ടന്‍ സെലക്ട് ചെയ്യണം. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള /ഉള്‍പ്പെടുത്തിയതിലുള്ള ആക്ഷേപം അറിയിക്കുന്നതിനായി ഫോം അഞ്ചുപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. ഫോം അഞ്ചു വഴി അപേക്ഷിച്ചതിനുശേഷം അപേക്ഷ പ്രിന്റ് എടുത്ത് നേരിട്ടോ തപാല്‍ മുഖേനയോ നിര്‍ദ്ദേശിഷ്ടസമയപരിധിക്കുള്ളില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നല്‍കണം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ പൂരിപ്പിച്ച് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കാവുന്നതുമാണ്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ തിരുത്തുന്നതിന് ഫോം ആറുവഴി അപേക്ഷിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് മാറുന്നതിനും വാര്‍ഡിലെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് മാറുന്നതിനു ഫോം ഏഴാണ് ഉപയോഗിക്കേണ്ടത്. ഒക്ടോബര്‍ 14 വരെയാണ് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി. ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് അപ്‌ഡേഷന്‍ ഒക്ടോബര്‍ 24നകം പൂര്‍ത്തിയാക്കണം. ഒക്ടോബര്‍ 25ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍, വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

*പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാം*

2025 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരും വിദേശത്ത് താമസിക്കുകയും ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായ ഭാരതീയര്‍ക്ക് ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം.

*നടപടി ക്രമങ്ങള്‍*

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് (https://www.sec.kerala.gov.in) സന്ദര്‍ശിച്ച് സൈന്‍ ഇന്‍ പേജിലെ സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ വഴി പേരും മൊബൈല്‍ നമ്പറും പാസ്സ്വേര്‍ഡും നല്‍കിയാണ് പ്രൊഫൈല്‍ തയ്യാറാക്കേണ്ടത്. ഫോം നാല് എ വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിന്റെ വലതുവശത്ത് മുകള്‍ഭാഗത്തായി ലഭ്യമാക്കിയിട്ടുള്ള സ്‌ക്രീന്‍ കാസ്റ്റ് വീഡിയോയിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട രീതി ലഭ്യമാണ്.
അപേക്ഷയുടെ പ്രിന്റ് എടുത്ത് ഒപ്പ് രേഖപ്പെടുത്തി പാസ്‌പോര്‍ട്ടില്‍ പരാമര്‍ശിച്ച, കേരളത്തിലെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ട് നല്‍കുകയോ രജിസ്‌ട്രേഡ് തപാല്‍ മാര്‍ഗ്ഗം വഴി അയച്ചു കൊടുക്കുകയോ ചെയ്യാം. അപേക്ഷകന്റെ വിസ, ഫോട്ടോ എന്നിവ ചേര്‍ത്ത് പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു കൂടി അപേക്ഷയോടൊപ്പം ലഭ്യമാക്കണം. തുടര്‍നടപടി ക്രമങ്ങള്‍ സ്റ്റാറ്റസ് ഓപ്ഷന്‍ വഴി അപേക്ഷകര്‍ക്ക് അറിയാം. ഇത്തരത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രവാസി ഭാരതീയര്‍ക്ക് പോളിങ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി അസല്‍ പാസ്‌പോര്‍ട്ട് കാണിച്ച് വോട്ട് ചെയ്യാം.