മലപ്പുറം വണ്ടൂരിൽ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
വണ്ടൂർ അമ്പലപ്പടിയിൽ ഏഴ് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17, 18-ാം വാർഡുകളിൽ വ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.അമ്പലപ്പടി കോർട്ടേഴ്സിൽ താമസിക്കുന്ന സിയാറം (71), ഗ്രീഷ്മ (29), റിതേഷ് (7) എന്നിവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പനി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വെക്ടർ സർവേ, വെക്ടർ കളക്ഷൻ, ലാർവ കളക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പനി സർവേ, ഉറവിട നശീകരണം, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ നടപടികളും പുരോഗമിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഏകോപനത്തിന്റെ ഭാഗമായി ബ്ലോക്ക് മെഡിക്കൽ ഓഫീസർ തിങ്കളാഴ്ച (സെപ്തംബർ 29) രാവിലെ 8 മണിമുതൽ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എല്ലാ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയോഗിച്ചു. ആശ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തി ടീമുകളായി തിരിഞ്ഞ് ഇവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലെ കുടിവെള്ള ടാങ്കുകളും മറ്റു ജലസ്രോതസ്സുകളും പരിശോധിച്ചു വരികയാണ്. കഴിഞ്ഞ രാത്രിയിൽ നടന്ന പരിശോധനയിൽ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകിനെയും അതിന്റെ ലാർവകളെയും കണ്ടെത്തി. പരിസരപ്രദേശങ്ങളിൽ പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് മെഡിക്കൽ ഓഫീസർ നിർദേശിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നോട്ടീസ് വിതരണം, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു. പ്രവർത്തനങ്ങൾക്ക് വണ്ടൂർ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ പള്ളിയാളി, ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് ശ്രീജിത്ത് അമ്പറക്കാട്ട്, ഹെൽത്ത് ഇൻസ്പെക്ടർ ജാൻസി എം.ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. പ്രഭാകരൻ, പുഷ്പ കെ.വി, ജസീർ എം.എം, ജിതേഷ് പി. എന്നിവരും വണ്ടൂർ ഹെൽത്ത് ബ്ലോക്കിലെ മറ്റു ആരോഗ്യ പ്രവർത്തകരും നേതൃത്വം നൽകി.
മലേറിയ അഥവാ മലമ്പനി
മലമ്പനിയുടെ ഇംഗ്ലീഷ് വാക്കായ മലേറിയ (Malaria) വരുന്നത് ഇറ്റാലിയൻ ഭാഷയിൽ നിന്നാണ്. മാൽ (Mal) അറിയാ (aria) എന്നീ രണ്ട് വാക്കുകൾ ചേർന്നാണ് മലേറിയ ആയത്. ആദ്യത്തെ വാക്കിന്റെ അർത്ഥം ചീത്തയായത് എന്നും രണ്ടാമത്തേതിന്റേത് വായു എന്നുമാണ്. ദക്ഷിണ ഇറ്റലിയിലെ ചതുപ്പ് നിലങ്ങളിൽ നിന്ന് വീശിയടിക്കുന്ന ചീത്തവായു കാരണമാണ് മലമ്പനി ഉണ്ടാകുന്നത് എന്ന വിശ്വാസത്തിൽ നിന്നാണ് ഇങ്ങനെയൊരു പേരുണ്ടാകുന്നത്.