Fincat

മൃത്യുഞ്ജയപുരസ്‌കാരം ആര്‍. രാജശ്രീക്ക്


കോഴിക്കോട്: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം സമ്മാനിക്കുന്ന മൃത്യുഞ്ജയ പുരസ്‌കാരം എഴുത്തുകാരി ആർ.രാജശ്രീയ്ക്ക്. കലാ, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ക്ക് നല്‍കുന്ന ഈ പുരസ്‌കാരം 11,111 രൂപയുടെ ഗുരുദക്ഷിണയും, ആർട്ടിസ്റ്റ് യു.കെ. രാഘവൻ മാസ്റ്റർ രൂപകല്‍പ്പന ചെയ്ത മൃത്യുഞ്ജയശില്‍പവും, ധന്യതാപത്രവും ഉള്‍ക്കൊള്ളുന്നതാണ്. ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌ സമ്മാനിക്കുന്ന പുരസ്‌കാരത്തിന്റെ പത്താം പതിപ്പാണിത്.

സമകാലീന മലയാള സാഹിത്യത്തിന് വലിയൊരു മുതല്‍ക്കൂട്ടാണ് രാജശ്രീയുടെ കൃതികളെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി. വായനാലോകത്തിന്റെ സ്വീകാര്യത നേടിയ പുതിയ നോവല്‍ ആത്രേയകം രചനാശൈലിയിലും ഭാവുകത്വത്തിലും വിപ്ലവകരമായ ചലനങ്ങള്‍ സൃഷ്ടിച്ചതായും അവർ അഭിപ്രായപ്പെട്ടു.

കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ആർട്ടിസ്റ്റ് നമ്ബൂതിരി,വാദ്യാകലാ വിധഗ്ദൻ പെരുവനം കുട്ടൻ മാരാർ, കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്ബൂതിരി, വാദ്യപ്രതിഭ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചരിത്രപണ്ഡിതൻ ഡോ:എം ജി . എസ് നാരായണൻ,എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ, ഗായിക വൈക്കം വിജയലക്ഷ്മി, ഗായകൻ ജി. വേണുഗോപാല്‍ എന്നിവരാണ് മുൻ വർഷങ്ങളില്‍ മൃത്യുഞ്ജയ പുരസ്‌കാരത്തിന് അർഹരായത്.

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര ആലങ്കാവില്‍ ഫെബ്രുവരി 13-ന് നടക്കുന്ന പൊതു ചടങ്ങില്‍ രാജശ്രീക്ക് പുരസ്‌ക്കാരം സമർപ്പിക്കും.