തൃശൂർ: വാടാനപ്പള്ളി തൃത്തല്ലൂർ ശ്രീ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണ്ണേശ്വരി തറവാട്ട് ക്ഷേത്രത്തിലെ ദേവവിഗ്രഹങ്ങളിൽ അണിയിച്ചിരുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ. കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണു (21) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മേയ് മൂന്നിന് രാവിലെ 10.30 നും ജൂൺ 26 ന് വൈകീട്ട് 7.30 നും ഇടയിലാണ് ക്ഷേത്രത്തിലെ രണ്ട് ശാന്തിക്കാരിൽ ഒരാളായ വിഷ്ണു മോഷണം നടത്തിയത്. അന്നപൂർണ്ണേശ്വരി ദേവിയുടെ തിരുവാഭരണങ്ങളായ വിഗ്രഹത്തിൽ അണിയിച്ചിരുന്ന താലിയോട് കൂടിയ 4 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും, ദുർഗാദേവിയുടെ വിഗ്രഹത്തിലെ 9.57 ഗ്രാം താലിയോട് കൂടിയ സ്വർണ്ണമാലയും, ഭദ്രകാളി ദേവിയുടെ വിഗ്രഹത്തിലെ 8.15 ഗ്രാം താലിയോട് കൂടിയ സ്വർണ്ണമാലയും ഉൾപ്പെടെ 21.72 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്.
സംഭവത്തിൽ ക്ഷേത്രത്തിലെ സെക്രട്ടറിയുടെ പരാതിയിലാണ് വാടാനപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ ഏങ്ങണ്ടിയൂരിൽ നിന്ന് പിടികൂടിയത്. പ്രതിയായ വിഷ്ണു അന്തിക്കാട് പാവറട്ടി, വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി മോഷണം, മയക്കു മരുന്ന് കച്ചവടം, ലഹരിക്കടിമപ്പെട്ട് പൊതു ജനങ്ങളെ ശല്യം ചെയ്യുക എന്നിങ്ങനെയുള്ള ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു, സബ് ഇൻസ്പെക്ടർ ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.