Fincat

റോയ് കൃഷ്ണയുടെ പെനാൽറ്റി ഗോൾ; തൃശൂർ മാജിക് എഫ്സിയെ വീഴ്ത്തി മലപ്പുറം എഫ്സി

പയ്യനാട് സ്റ്റേഡിയത്തിലെ ഗ്യാലറി നിറച്ച ഫുട്‌ബോള്‍ ആരാധകര്‍ക്ക് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയുടെ പെനാല്‍റ്റി ഗോള്‍ സമ്മാനം. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം മത്സരത്തില്‍ മലപ്പുറം എഫ്‌സിക്ക് വിജയം. തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെ രണ്ടാം പകുതിയില്‍ റോയ് കൃഷ്ണ നേടിയ പെനാല്‍റ്റി ഗോളാണ് മലപ്പുറത്തിന് വിജയം നല്‍കിയത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തൃശൂര്‍ എഫ്‌സിയാണ് ആദ്യ നീക്കം നടത്തിയത്. എന്നാല്‍ സെര്‍ബിയന്‍ താരം ഇവാന്‍ മാര്‍ക്കോവിച്ച് അടിച്ച പന്ത് മലപ്പുറം ഗോളി അസ്ഹറിന്റെ കൈകളിലൊതുക്കി. പതിനൊന്നാം മിനിറ്റില്‍ തൃശൂരിന്റെ ബിബിന്‍ അജയന്‍ പറത്തിയ പൊള്ളുന്ന ഷോട്ട് അസ്ഹര്‍ ഡൈവ് ചെയ്തു രക്ഷപ്പെടുത്തി.
ഫിജി ഇന്റര്‍നാഷണല്‍ റോയ് കൃഷ്ണയെ ആക്രമണത്തിന് നിയോഗിച്ച് സ്വന്തം ഗ്രൗണ്ടില്‍ പോരാട്ടത്തിന് ഇറങ്ങിയ മലപ്പുറം എഫ്‌സിക്ക് ആദ്യ 15 മിനിറ്റിനിടെ ഗോള്‍ മണമുള്ള ഒരു നീക്കം പോലും നടത്താന്‍ കഴിഞ്ഞില്ല. പത്തൊന്‍പതാം മിനിറ്റില്‍ മലപ്പുറത്തിന്റെ ഫക്കുണ്ടോ ബല്ലാഡോയെ ഫൗള്‍ ചെയ്തതിന് തൃശൂരിന്റെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ലെനി റോഡ്രിഗസിന് റഫറി യെല്ലോ കാര്‍ഡ് നല്‍കി.

ഗനിയും ഫസലുവും ഉള്‍പ്പടെയുള്ള മലപ്പുറത്തിന്റെ പേരുകേട്ട കളിക്കാരെല്ലാം ആദ്യ പകുതിയില്‍ നിറം മങ്ങിയപ്പോള്‍ മൊറൊക്കോക്കാരന്‍ ബദര്‍ ബൊല്‍റൂദ് മൈതാനം മുഴുവന്‍ നിറഞ്ഞു കളിച്ചു. മുപ്പത്തിയേഴാം മിനിറ്റില്‍ തൃശൂരിന്റെ മാര്‍ക്കസ് ജോസഫ് ഒറ്റയ്ക്ക് മുന്നേറി തൊടുത്തുവിട്ട ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ മലപ്പുറത്തിന് വേണ്ടി റോയ് കൃഷ്ണ നടത്തിയ ശ്രമവും ലക്ഷ്യം കണ്ടില്ല. പരിക്കേറ്റ സല്‍മാനുല്‍ ഫാരിസിന് പകരം തൃശൂര്‍ അഫ്‌സലിനെയും നായകന്‍ ഫസലുറഹ്‌മാന് പകരം മലപ്പുറം റിഷാദിനെയും കൊണ്ടുവന്നതിന് പിന്നാലെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.
ഒന്നാം പകുതിയില്‍ നിറം മങ്ങിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കം മുതല്‍ മലപ്പുറം താരങ്ങള്‍ ആക്രമിച്ചുകളിച്ചു. 48-ാം മിനിറ്റില്‍ യുവതാരം അഭിജിത്തിന്റെ കാലില്‍ നിന്ന് പറന്ന ഷോട്ടിന് തൃശൂര്‍ ഗോളിയെ പരീക്ഷിക്കാന്‍ കരുത്തുണ്ടായിരുന്നില്ല. 61-ാം മിനിറ്റില്‍ സെന്തമിഴ്, എസ് കെ ഫയാസ് എന്നിവരെ തൃശൂര്‍ മാജിക് കളത്തിലിറക്കി. പിന്നാലെ മലപ്പുറം ബ്രസീലുകാരന്‍ ജോണ്‍ കെന്നഡി, അഖില്‍ പ്രവീണ്‍ എന്നിവര്‍ക്കും അവസരം നല്‍കി. വന്നയുടനെ ഇടതുവിങിലൂടെ ഒറ്റയ്ക്ക് മുന്നേറി കെന്നഡി ഓട്ടത്തിനിടെ അടിച്ച പന്ത് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ ബാറിന് മുകളിലൂടെ തട്ടിത്തെറിപ്പിച്ചു.

72-ാം മിനിറ്റിലാണ് മലപ്പുറം ഗോള്‍ നേടുന്നത്. കോര്‍ണര്‍ കിക്കിനിടെ ഹക്കുവിനെ സെന്തമിഴ് ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി അനുവദിക്കുകയായായിരുന്നു. കിക്കെടുത്ത റോയ് കൃഷ്ണ ലക്ഷ്യം കണ്ടു. ഗോള്‍ നേടിയതിന് പിന്നാലെ മലപ്പുറം അഭിജിത്തിന് പകരം അക്ബര്‍ സിദ്ധീഖിനെ ഇറക്കി. മുഹമ്മദ് ജിയാദ്, സാവിയോ സുനില്‍ എന്നിവരെ കളത്തിക്കിറക്കി ഗോള്‍ തിരിച്ചടിക്കാനുള്ള തൃശൂരിന്റെ ശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പോയതോടെ മലപ്പുറം എഫ്‌സി സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ ജയം കുറിച്ചു. 14,236 പേരാണ് ഇന്നലെ മത്സരം കാണാന്‍ പയ്യനാട് സ്റ്റേഡിയത്തിലെത്തിയത്.