തിരുവനന്തപുരം: കോവളത്ത് പത്ത് ലക്ഷം രൂപ വില വരുന്ന 193 ഗ്രാം എംഡിഎംഎയുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍.കാറില്‍ വരികയായിരുന്ന ഇരുവരും പരിശോധനയ്ക്കിടെയാണ് ഡാൻസഫ് സംഘത്തിന്‍റെ പിടിയിലായത്. ചെമ്ബഴന്തി അങ്കണവാടി ലെയ്ന്‍ സാബു ഭവനില്‍ സാബു(36), ഇയാളുടെ സുഹൃത്തും ശ്രീകാര്യം കരിയം കല്ലുവിള സൗമ്യ ഭവനില്‍ രമ്യ(36) എന്നിവരെയാണ് സിറ്റി ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.
ഇവര്‍ സഞ്ചരിച്ച കാറും ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തു. ഒരാഴ്ച്ച മുന്‍പായിരുന്നു ഇരുവരും മയക്കുമരുന്ന് വാങ്ങുന്നതിനായി ശ്രീകാര്യത്ത് നിന്ന് കാറില്‍ ബെംഗളൂരുവിലേക്ക് പോയത്. തുടര്‍ന്ന് അവിടെ തങ്ങിയ ശേഷം ഏജന്റിന് മൂന്ന് ലക്ഷം രൂപ നല്‍കി മയക്കുമരുന്ന് വാങ്ങി ശ്രീകാര്യത്തേക്ക് വരികയായിരുന്നു. ഇതേക്കുറിച്ചുള്ള വിവരം ലഭിച്ച ഡാന്‍സാഫ് സംഘം കേരള അതിര്‍ത്തി മുതല്‍ ഇവരെ പിന്തുടര്‍ന്നു.
ഞായറാഴ്ച്ച രാവിലെയോടെ കോവളം ജങ്ഷനില്‍ വെച്ചാണ് ഇവർ പിടിക്കപ്പെടുന്നത്. ആദ്യം വാഹനം പരിശോധിച്ചെങ്കിലും ഇരുവരുടെയും പക്കല്‍ നിന്നും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് വനിതാ പോലീസ് എത്തി ദേഹപരിശോധന നടത്തിയപ്പോളാണ് യുവതി ധരിച്ചിരുന്ന ചെരുപ്പില്‍ നിന്ന് പ്രത്യേക രീതിയില്‍ പൊതിഞ്ഞ നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്. പലപ്രാവിശ്യം ഇരുവരും ചേര്‍ന്ന് എംഡിഎംഎ കടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പിടിക്കപ്പെടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നടിപടികള്‍ക്ക് ശേഷം ഡാന്‍സാഫ് സംഘം ഇരുവരെയും കോവളം പൊലീസിന് കൈമാറി. കോവളം പൊലീസ് കേസെടുത്തു.