കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖറിന്റെ അടക്കം 6 ആഢംബര വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ തുടരും
കൊച്ചി : ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. ദുൽഖറിന്റെ വാഹനം ഉൾപ്പെടെ കസ്റ്റഡിയിലുണ്ട്. റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടും പിടികൂടാനായത് 39 വാഹനങ്ങൾ മാത്രമാണ്.
ഓപ്പറേഷൻ നുംഖോറിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. പരിശോധന തുടങ്ങിയപ്പോൾ തന്നെ വിദേശത്ത് നിന്നെത്തിച്ച വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അന്വേഷണത്തിന് തമിഴ്നാട്, കർണാടക പൊലീസിന്‍റെ സഹായം തേടും. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിൽ എത്തിച്ചത് 200 ഓളം വാഹനങ്ങളെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. എന്നാൽ, 39 വാഹനങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. അന്വേഷിച്ചുചെന്ന പലയിടത്തും കസ്റ്റംസ് സംഘത്തിന് വാഹനം കണ്ടെത്താനായില്ല. ഇതോടെയാണ് അന്വേഷണം ബെംഗളുരൂവിലേക്കും ചെന്നൈയിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനം. പരിശോധനയ്ക്ക് കർണാടക, തമിഴ്നാട് പൊലീസിന്‍റെ സഹായം തേടും.
കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തത് റെഡ് ക്രോസ് ആണെന്നും 5 വർഷമായി ഉപയോഗിക്കുന്ന വാഹനം രേഖകൾ പ്രകാരം നിയമവിധേയമായാണ് വാങ്ങിയതെന്നുമാണ് ദുൽഖറിന്റെ വാദം. കസ്റ്റംസിന്റെ കസ്റ്റഡിയിൽ വാഹനം ശരിയായി സൂക്ഷിക്കാൻ സാധ്യതയില്ലെന്നും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.