Fincat

മോഹൻലാലിന്റെ ട്വീറ്റ് പങ്കിട്ട് റിട്ട. നേവി ചീഫ് അഡ്മിറൽ

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ജീവിതത്തിലെ അസുലഭനിമിഷമായിരുന്നു അതെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുമെന്നും മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സൗത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ സൈനിക യൂണിഫോമിലെത്തിയാണ് മോഹൻലാൽ ആദരം ഏറ്റുവാങ്ങിയത്.

ഇപ്പോഴിതാ മോഹൻലാലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് റിട്ടയർഡ് നേവി ചീഫ് അഡ്മിറൽ അരുൺ പ്രകാശ് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഓണററി റാങ്ക് ലഭിച്ച സിവിലിയന്മാർ സൈനിക റാങ്കും യൂണിഫോമും ധരിച്ച് ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന് സർവ്വീസ് ആസ്ഥാനത്ത് നിന്നും ഉചിതമായ നിർദ്ദേശം ലഭിക്കണമെന്നാണ് അഡ്മിറൽ അരുൺ പ്രകാശ് ചൂണ്ടിക്കാണിക്കുന്നത്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ആദരിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഡ്മിറൽ അരുൺ പ്രകാശ് കുറിപ്പ് പങ്കുവെച്ചത്.

“ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് സായുധ സേനയിൽ ഓണററി റാങ്ക് ലഭിച്ച വിശിഷ്ട സിവിലിയന്മാർക്ക്, സൈനിക റാങ്കും യൂണിഫോമും ധരിക്കുമ്പോൾ എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന് സർവീസ് ആസ്ഥാനത്ത് നിന്ന് ഉചിതമായ ഉപദേശം ലഭിക്കണം.” അഡ്മിറൽ അരുൺ പ്രകാശ് എക്‌സിൽ കുറിച്ചു. സിഖ് ഓഫീസർ അല്ലാത്ത പക്ഷം ആർമിയിൽ ഒരാൾക്ക് താടി വെക്കാൻ കഴിയില്ലെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
ആർമിയെ പ്രമോട്ട് ചെയ്യാൻ പദ്ധതികൾ
“ജീവിതത്തിലെ അസുലഭ നിമിഷമായി ഇതിനെ കാണുന്നു. പതിനാറ് വർഷമായി ഞാൻ ആർമിയിലുണ്ട്. നമ്മൾ ചെയ്യുന്ന ഒരുപാട് പ്രവൃത്തികളെ കുറിച്ച് അവർക്കറിയാം. അതെങ്ങനെ കുറച്ച് കൂടി എൻഹാൻസ് ചെയ്യാം, ടെറിട്ടോറിയൽ ആർമിയെ എങ്ങനെ പ്രൊജക്ട് ചെയ്യാം എന്നതിനെ കുറിച്ചുള്ള സാധ്യതകളെ കുറിച്ചെല്ലാം സംസാരിച്ചു.” മോഹൻലാൽ പറഞ്ഞു.

കേരളത്തിൽ ആർമിയെ കുറിച്ച് ഇപ്പോഴും അധികം അറിവില്ല. അതുകൊണ്ട് ആർമിയെ എങ്ങനെ പ്രമോട്ട് ചെയ്യാം, ആളുകളെ എങ്ങനെ ആർമിയിലേക്ക് കൊണ്ടുവരാം എന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. രാജ്യ സ്നേഹം കൂടുതൽ ഡെവലപ്പ് ചെയ്യാനാണ്. അപൂർവമായ കൂടികാഴ്ചയായിരുന്നു ആർമി ചീഫിന്റെ കയ്യിൽ നിന്നും കിട്ടിയത്. ഞങ്ങളുടെ സംഘടന വയനാട്ടിൽ വലിയ സ്കിൽ ഡവലപ്മെന്റ് സെന്റർ തുടങ്ങാൻ പോകുകയാണ്. സ്‌കൂളുകൾ പോലെയുള്ള പദ്ധതികളൊക്കെയുണ്ട്. വീണ്ടും പ്രളയം വരാത്ത സ്ഥലത്ത് വേണം ചെയ്യാൻ. ഒരു ആറ് മാസത്തിനുള്ളിൽ ഞങ്ങൾ അത് തുടങ്ങും.” മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.