മലപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
തിരൂർ: മലപ്പുറം തിരൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ.മിനാർ ഷെയ്ഖ് (38) എന്ന ബംഗാൾ സ്വദേശിയാണ് തിരൂർ എക്സൈസിന്റെ പിടിയിലായത്. തലക്കാട് വില്ലേജിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് മിനാർ ഷെയ്ഖിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളുടെ കയ്യിൽ നിന്നും താമസസ്ഥലത്ത് നിന്നുമായി 1.120 കിലോഗ്രാം ഉണക്ക കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. പുല്ലൂർ, തൂവക്കാട് ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിവന്ന രഹസ്യ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
തിരൂർ എക്സൈസ് ഇൻസ്പെക്ടർ കാർത്തികേയന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിത.കെ, ദീപു. ടി.എസ്, വിനീഷ് പി.ബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.