Fincat

കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; 202 കോളേജുകളില്‍ 127ലും വിജയം; വര്‍ഗീയ കോട്ടകള്‍ തകര്‍ത്തെന്ന് SFI


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ കഴിഞ്ഞുവെന്ന് എസ്‌എഫ്‌ഐ.യുഡിഎസ്‌എഫ്, എംഎസ്‌എഫ്, കെഎസ്‌യു കോട്ടകള്‍ തകര്‍ത്താണ് എസ്‌എഫ്‌ഐ വെന്നിക്കൊടി പാറിച്ചതെന്ന് എസ്‌എഫ്‌ഐ പറഞ്ഞു.

സര്‍വകലാശാലക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന 202 കോളേജുകളില്‍ 127 കോളേജുകള്‍ വിജയിച്ചതായി എസ്‌എഫ്‌ഐ പറഞ്ഞു. സര്‍വകലാശാലക്ക് കീഴിലുള്ള 35 കോളേജുകള്‍ യുഡിഎസ്‌എഫ്, എംഎസ്‌എഫ്, കെഎസ്‌യുവില്‍ നിന്ന് തിരിച്ചുപിടിച്ചെന്ന് എസ്‌എഫ്‌ഐ പറഞ്ഞു. മതവര്‍ഗീയതയുടെയും പണക്കൊഴുപ്പിന്റെയും ലഹരി മാഫിയ സംഘങ്ങളുടെയും കൂട്ടുപിടിച്ച്‌ ക്യാമ്ബസുകളില്‍ അരാഷ്ട്രീയ അരാജകത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലതുപക്ഷ വര്‍ഗീയവാദികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്‌എഫ്‌ഐ പറഞ്ഞു.

തൃശൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 32 കോളേജുകളില്‍ 30 കോളേജുകളിലും വിജയിച്ചതായി എസ്‌എഫ്‌ഐ അവകാശപ്പെട്ടു. നോമിനേഷന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 10 കോളേജുകള്‍ എതിരില്ലാതെ വിജയിക്കാന്‍ സാധിച്ചു. പെരുവല്ലൂര്‍ മദര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, സെന്റ് ജോസഫ് കോളേജ് പാവറട്ടി, ഐസിഎ കോളേജ് തൊഴിയൂര്‍ എന്നിവ യുഡിഎസ്‌എഫ് മുന്നണിയില്‍ നിന്ന് തിരിച്ചു പിടിച്ചു. സര്‍വ്വകലാശാല സബ് സെന്റര്‍ ഡിഎസ്‌യു പ്രഥമ യൂണിയന്‍ എസ്‌എഫ്‌ഐ വിജയിച്ചു. സെന്റ് തോമസ് കോളേജില്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായും എസ്‌എഫ്‌ഐ പറഞ്ഞു.

പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 32 കോളേജുകളില്‍ 25 കോളേജുകളില്‍ വിജയിച്ചതായും എസ്‌എഫ്‌ഐ പറഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദ് മുസ്തഫയുടെ കലാലയം മണ്ണാര്‍ക്കാട് എംഇഎസ് കോളേജ്, സിസിഎസ്ടി കോളേജ്, എബ്ല്യുഎച്ച്‌ കോളേജ് ആനക്കര ഇഎൻഎൻഇഇ കോളേജുകള്‍ എംഎസ്‌എഫില്‍ നിന്ന് തിരിച്ചുപിടിച്ചതായി എസ്‌എഫ്‌ഐ അവകാശപ്പെട്ടു. ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്‌യുവില്‍ നിന്ന് തിരിച്ചു പിടിച്ചു. മൈനോരിറ്റി കോളേജ് തൃത്താല യുഡിഎസ്‌എഫില്‍ നിന്നും അട്ടപ്പാടി ഐഎച്ച്‌ആര്‍ഡി കോളേജ് എഐഎസ്‌എഫില്‍ നിന്നും തിരിച്ചുപിടിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍ 27/28 സീറ്റും, പട്ടാമ്ബി സംസ്‌കൃത കോളേജില്‍ മുഴുവന്‍ മേജര്‍ സീറ്റിലും, പത്തിരിപാല ഗവ കോളേജ് 7/8 സീറ്റും, ചിറ്റൂര്‍ ഗവ കോളേജില്‍ യൂണിയനും നേടിയതായും എസ്‌എഫ്‌ഐ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 73 കോളേജുകളില്‍ 30 കോളേജുകള്‍ വിജയിച്ചതായി എസ്‌എഫ്‌ഐ പറഞ്ഞു. നോമിനേഷന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ നാല് കോളേജുകള്‍ എതിരില്ലാതെ വിജയിച്ചു. ജില്ലയില്‍ ആകെ 15 കോളേജുകള്‍ യുഡിഎസ്‌എഫില്‍ നിന്ന് തിരിച്ചുപിടിച്ചു. നജാത്ത് കോളേജ് കരുവാരക്കുണ്ട് 12 വര്‍ഷങ്ങള്‍ക്ക് ശേഷം എംഎസ്‌എഫില്‍ നിന്ന് തിരിച്ചുപിടിച്ചു. പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഒൻപത് വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്‌യുവില്‍ നിന്ന് തിരിച്ച്‌ പിടിക്കാന്‍ സാധിച്ചു. റീജിയണല്‍ കോളേജ് അരീക്കോട് എംഎസ്‌എഫില്‍ നിന്നും തിരിച്ചുപിടിച്ചുകൊണ്ട് ചരിത്രത്തില്‍ ആദ്യമായി എസ്‌എഫ്‌ഐ യൂണിയന്‍ നേടി. മഅദിന്‍ കോളേജ്, കെആർഎസ്‌എൻ കോളേജ്, മാര്‍ത്തോമാ ചുങ്കത്തറ, എംടിഎം വെളിയങ്കോട്, ഐഎച്ച്‌ആർഡി, മുതുവല്ലൂര്‍, ഹികമിയ്യ കോളേജ് വണ്ടൂര്‍, പരപ്പനങ്ങാടി എല്‍ബിഎസ്, ഡി പോള്‍ കോളേജ് നിലമ്ബൂര്‍, ടി എം ജി തിരൂര്‍, ഐഎച്ച്‌ആർഡി വട്ടക്കുളം, എസ്‌വിപികെ പലേമാട്, അംബേദ്കര്‍ കോളേജ് വണ്ടൂര്‍ എന്നീ കോളേജുകള്‍ യുഡിഎസ്‌എഫില്‍ നിന്നും തിരിച്ചുപിടിക്കാൻ സാധിച്ചുവെന്നും എസ്‌എഫ്‌ഐ പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളില്‍ 31 കോളേജുകള്‍ വിജയിച്ചു കൊണ്ട് മുന്നേറ്റം സൃഷ്ടിച്ചതായി എസ്‌എഫ്‌ഐ പറഞ്ഞു നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ 12 കോളേജുകള്‍ എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് എന്നിവ കെഎസ്‌യുവില്‍ നിന്നും കുന്നമംഗലം എസ്‌എൻഇഎസ്, ഗവ. കോളേജ് കുന്ദമംഗലം, ഗവ. കോളേജ് കോടഞ്ചേരി, സിഎസ്‌ഐ വിമന്‍സ് കോളേജ് ചോമ്ബാല, ഗവ. കോളേജ് കൊടുവള്ളി എന്നീ കോളേജുകള്‍ യുഡിഎസ്‌എഫില്‍ നിന്നും തിരിച്ചുപിടിക്കാൻ സാധിച്ചുവെന്നും എസ്‌എഫ്‌ഐ പറഞ്ഞു. സില്‍വര്‍ കോളേജില്‍ യുയുസി സ്ഥാനാര്‍ത്ഥിയെ നേടിയെടുത്തു. ഗവ ആര്‍ട്‌സ് കോളേജ് മീഞ്ചന്ത, ഗവ കോളേജ് കൊയിലാണ്ടി ഉള്‍പ്പടെ കോഴിക്കോട് ജില്ലയിലെ 12 ഗവ കോളേജില്‍ 11ലും വിജയിച്ചതായും എസ്‌എഫ്‌ഐ പറഞ്ഞു.

വയനാട് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 16 കോളേജുകളില്‍ 11 കോളേജുകള്‍ എസ്‌എഫ്‌ഐ വിജയിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ 3 കോളേജുകള്‍ വിജയിച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇഎംബിസി കോളേജും മീനങ്ങാടി ഐഎച്ച്‌ആര്‍ഡി കോളേജും കെഎസ്‌യുവില്‍ നിന്ന് തിരിച്ചു പിടിച്ചു. എന്‍എംഎസ്‌എം ഗവ കോളേജ് കല്‍പറ്റയും അല്‍ഫോന്‍സാ കോളേജും യുഡിഎസ്‌എഫില്‍ നിന്നും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞെന്നും എസ്‌എഫ്‌ഐ അവകാശപ്പെട്ടു.