പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലേക്ക്. പ്രധാനമന്ത്രിയുമായി വെള്ളിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും മുഖ്യമന്ത്രി ചർച്ച നടത്തും. മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വയനാടിന് കൂടുതൽ കേന്ദ്ര സഹായം, കേരളത്തിന് എയിംസ് തുടങ്ങി അതിപ്രധാനമായ വിഷയങ്ങൾ ഇരുവരുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർ നിർമ്മാണത്തിന് ഒക്ടോബർ 1 ന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യങ്ങളടക്കം മുഖ്യമന്ത്രി പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും വീണ്ടും ചൂണ്ടിക്കാട്ടുമെന്നാണ് വ്യക്തമാകുന്നത്.
വയനാടിന് വേണ്ടത് 2221 കോടി
ഒരു വർഷത്തിലധികം നീണ്ട മുറവിളികൾക്കൊടുവിലാണ് ഒക്ടോബർ 1 ന് വയനാടിന് പ്രത്യേക കേന്ദ്ര സഹായം പ്രഖ്യാപിച്ചത്. വയനാട്ടിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം പ്രത്യേകമായി അനുവദിക്കുന്ന ആദ്യ സഹായമായിരുന്നു ഇത്. കഴിഞ്ഞ വർഷം ജൂലൈയിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലുണ്ടായ ദുരന്തത്തിൽ തകർന്നതിന്റെ പുനർ നിർമ്മാണത്തിനായാണ് 260.56 കോടി രൂപ അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തലവനായുള്ള ഉന്നതാധികാര സമിതി ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. എന്നാൽ, 2022 ൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ അസമിന് 1270.788 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വയനാടിന്റെ പുനർനിർമ്മാണത്തിന് പി ഡി എൻ എയായി കേരളം ആവശ്യപ്പെട്ടത് 2221 കോടിയാണ്.
കേന്ദ്രം അനുവദിച്ചത് ആവശ്യപ്പെട്ടതിന്‍റെ 11 ശതമാനം മാത്രം
ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഇപ്പോൾ അനുവദിച്ച തുക. ദുരന്തമുണ്ടായി 14 മാസത്തിന് ശേഷമാണ് പ്രത്യേക ധനസഹായമായി തുക അനുവദിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വായ്പയായി 529.50 കോടി രൂപ അനുവദിച്ചിരുന്നു. ജൂലൈയിൽ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് 153 കോടിയും അനുവദിച്ചു. വയനാടിന്‍റെ പുനർനിർമ്മാണത്തിന് വലിയ തോതിലുള്ള കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അറിയിക്കും.