തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീട്ടമ്മയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വീട്ടമ്മയും കോണ്‍ഗ്രസ് നേതാവും തമ്മിലുളള സാമ്പത്തിക ഇടപാടുകളും ഫോണ്‍ രേഖകളും പരിശോധിക്കും. സലിത കുമാരി എന്ന വീട്ടമ്മയാണ് ജീവനൊടുക്കിയത്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
താൻ ജീവനൊടുക്കുന്നതിന് പിന്നിൽ കോൺഗ്രസ് നേതാവാണെന്നും ഇയാൾ ലോണെടുത്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നുമാണ് കുറിപ്പിൽ പറയുന്നത്. ജോസ് ഫ്രാങ്ക്‌ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ലോണ്‍ എടുത്ത് നല്‍കാന്‍ സലിതയെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു എന്നും മകനും ആരോപിച്ചു. ഏറെ നാളായി ജോസ് ഫ്രാങ്ക്‌ളിന്‍ അമ്മയെ ബുദ്ധിമുട്ടിച്ചിരുന്നതായും രാത്രി വൈകിയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മകന്‍ പറഞ്ഞിരുന്നു.
കേരള ടൂർ പാക്കേജുകൾ
പൊളളലേറ്റ നിലയിലായിരുന്നു വീട്ടമ്മയെ കണ്ടെത്തിയത്. വീട്ടിലെ പാചകവാതക സിലിണ്ടറിൽ നിന്ന് ഇന്ധനം ചോർന്ന് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. കുറിപ്പ് കണ്ടെത്തിയതോടെയാണ് ജീവനൊടുക്കിയതാണെന്ന് സ്ഥിരീകരിച്ചത്. മൂന്നുമാസം മുൻപ് ഈ വീട്ടമ്മ ഒരു ബേക്കറി ആരംഭിച്ചിരുന്നു. ജോസ് ഫ്രാങ്ക്ളിൻ പ്രസിഡന്റ് ആയ സൊസൈറ്റി വഴിയാണ് അവർ വായ്പ്പയ്ക്ക് ശ്രമിച്ചിരുന്നത്.