Fincat

പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പ്രണയനൈരാശ്യത്തെ തുടര്‍ന്നുള്ള കൊലയെന്ന് പൊലീസ്


ബെംഗളൂരു: ബെംഗളൂരുവില്‍ പട്ടാപ്പകല്‍ നടുറോഡില്‍ ബി ഫാം വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മല്ലേശ്വരം മന്‍ട്രി മാളിന് പിന്നിലുള്ള റെയില്‍വേ ട്രാക്കിന് സമീപത്താണ് യാമിനി പ്രിയ (20) എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വിഘ്‌നേഷ് എന്ന യുവാവ് യാമിനി പ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബി ഫാം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരീക്ഷയ്ക്കായി രാവിലെ ഏഴ് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പരീക്ഷയ്ക്ക് ശേഷം ഉച്ചയോടെ വീട്ടിലേക്ക് മടങ്ങവെയാണ് ബൈക്കിലെത്തിയ യുവാവ് യാമിനിയെ ആക്രമിച്ചത്. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച്‌ യാമിനിയുടെ കഴുത്തറുത്ത ശേഷം ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് മുന്‍പ് പ്രതി പെണ്‍കുട്ടിയുടെ കണ്ണില്‍ മുളകുപൊടി വിതറിയതായും പൊലീസിന് സംശയമുണ്ട്. കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു.

സംഭവത്തില്‍ ശ്രീരാംപുര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി സമീപത്തെ സിസിടിവി പരിശോധിക്കുമെന്നും ദൃക്‌സാക്ഷികളുടെ മൊഴി ശേഖരിക്കുമെന്നും പൊലീസ് പറയുന്നു.