തൃശ്ശൂർ കുന്നംകുളത്ത് ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ മരണകാരണം ഹൃദ്രോഗമെന്ന് സൂചന. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് സംഭവം. ഹൃദ്രോഗമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ സൂചന. ചിറമനേങ്ങാട് സ്വദേശി ഇല്യാസ് (41) ആണ് മരിച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വേണ്ട സൗകര്യങ്ങളില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തിയത് ഹൃദ്രോഗ ലക്ഷണങ്ങളാണ്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് രേഖാമൂലം കിട്ടിയശേഷമാകും തുടർനടപടികൾ.
സംഭവത്തിൽ നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കുന്നംകുളം പൊലീസാണ് കേസെടുത്തത്. കുന്നംകുളം എസിപിക്കാണ് അന്വേഷണ ചുമതല. ചികിത്സയിലെ അനാസ്ഥ അന്വേഷിക്കും. അനസ്തേഷ്യയിലെ പിഴവ് മൂലമാണ് ഇല്യാസ് മരിച്ചതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും കൈയബദ്ധം പറ്റിയതായി ഡോക്ടർമാർ സമ്മതിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെയാണ് ചികിത്സക്കായി ഇല്യാസ് ആശുപത്രിയിലെത്തുന്നത് എത്തുന്നത്. തുടര്‍ന്ന് ഹെര്‍ണിയ അസുഖത്തിന് അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയായിരുന്നു. രാത്രി എട്ടരോടെയാണ് ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചതായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഓപ്പറേഷനിടെ ശ്വാസം എടുക്കാനുണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. അനസ്തേഷ്യ നൽകിയതിൽ അപാകതയുണ്ടായെന്നും കൈയബദ്ധം സംഭവിച്ചുവെന്നും ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.