ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ഇടുക്കിയില്‍ സാഹസിക- ജലവിനോദങ്ങള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേർട്ടാണ്.
ഓറഞ്ച് അലേർട്ടിന് പിന്നാലെ ഇടുക്കിയില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. സാഹസിക- ജലവിനോദങ്ങള്‍ക്കാണ് നിയന്ത്രണം. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി, ട്രക്കിങ്, ജീപ്പ് സവാരി, സാഹസിക വിനോദങ്ങള്‍ എന്നിവയ്ക്കാണ് നിരോധനം. വണ്ടിപ്പെരിയാറില്‍ വീടുകളില്‍ വെള്ളം കയറി. മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകള്‍ ഒന്നരമീറ്റർ വീതം ഉയർത്തി. പതിനായിരം ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
കുമളിയില്‍ രണ്ട് ഇടങ്ങളില്‍ ഉരുള്‍പൊട്ടിയതായി സംശയമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആളുകള്‍ സുരക്ഷിതരാണെന്നും പ്രസിഡന്റ് പറഞ്ഞു. കുമളി – ആനവിലാസം റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഒന്നാംമൈല്‍, റോസാപൂക്കണ്ടം, പെരിയാർ കോളനി എന്നീ മേഖലകളില്‍ വെള്ളം ഉയരുകയാണ്. താഴ്ന്ന മേഖലകളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു. അട്ടപ്പള്ളം മേഖലയില്‍ നിന്നും ആറ് കുടുംബങ്ങളെയും രണ്ട് കുടുംബങ്ങളെയും റിസോർട്ടിലേക്കും മാറ്റി താമസിപ്പിച്ചു. കുമളി വെള്ളാരംകുന്നില്‍ സ്‌കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മണ്‍കൂനയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. കുമളി – ആനവിലാസം റോഡിലാണ് അപകടം. പറപ്പള്ളില്‍ വീട്ടില്‍ തങ്കച്ചൻ ആണ് മരിച്ചത്. റോഡിലേക്ക് വീണ് കിടന്ന മണ്‍കൂന ശ്രദ്ധിക്കാതെ വാഹനം ഓടിക്കുകയായിരുന്നു. ശക്തമായ മഴയിലാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണത്.
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമർദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.