മെമ്മറി കാര്‍ഡ് വിവാദം ; താരസംഘടന അമ്മയില്‍ തെളിവെടുപ്പ്
മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയില്‍ തെളിവെടുപ്പ്. അഞ്ചംഗ കമ്മീഷന്‍ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ശ്വേതാ മേനോന്‍, ജോയ് മാത്യു, ദേവന്‍, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരന്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഉള്‍പ്പെട്ട നടിമാരെ വിളിച്ച് മൊഴിയെടുക്കുന്നുണ്ട്. ഓഗസ്റ്റ് 21 നായിരുന്നു മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. 60 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എക്‌സിക്യൂട്ടീവില്‍ അന്ന് തീരുമാനമായിരുന്നു.
സമീപകാലവിവാദങ്ങളെത്തുടര്‍ന്ന് നിറംമങ്ങിയ സംഘടനയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു അമ്മയുടെ കഴിഞ്ഞ മീറ്ററിങ്ങിലെ പ്രധാന അജണ്ട. വിവാദങ്ങളെത്തുടര്‍ന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം സംഘടനയില്‍ ശക്തമാണ്. കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് വിവാദവും സംഘടനയിലെ വിഭാഗീയതയും അന്നത്തെ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ നിലപാട് വ്യക്തമാക്കിയതും അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചതും.