Fincat

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ലഷ്മിഭായ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥിയുടെ രണ്ട് കൈകള്‍ക്കും ഗുരുതരമായി പൊളളലേറ്റു. സംഭവത്തിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ജിതേന്ദര്‍, ഇഷാന്‍, അര്‍മാന്‍ എന്നിവര്‍ക്കായാണ് തിരച്ചില്‍ നടക്കുന്നത്. അര്‍മാനാണ് യുവതിക്കുനേരെ ആസിഡ് കുപ്പി എറിഞ്ഞതെന്നാണ് നിഗമനം.

ഇരുപതുകാരിയായ പെണ്‍കുട്ടിക്ക് നേരെയാണ് കോളേജ് പരിസരത്തുവെച്ച് ആസിഡ് ആക്രമണമുണ്ടായത്. ദീപ്ചന്ദ് ബന്ധു ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ജിതേന്ദറും ഇഷാനും അർമാനും ബൈക്കിൽ എത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അർമാനാണ് ആഡിസ് കുപ്പി യുവതിക്ക് നേരെ വലിച്ചെറിഞ്ഞത്. തൊട്ടുപിന്നാലെ യുവതി കൈകൾ കൊണ്ട് മുഖം മറച്ചു. ഇതോടെ കൈകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ജിതേന്ദ്ര തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നെന്നും ഒരുമാസം മുന്‍പ് അതിന്റെ പേരില്‍ ഇയാളുമായി തര്‍ക്കമുണ്ടായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.