
മലപ്പുറം: അര്‍ജന്‍റീന ഫുട്ബോൾ ടീം കേരളത്തില്‍ കളിക്കാന്‍ വരുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് വി അബ്ദുറഹിമാന്‍ അറിയിച്ചു. വണ്ടി പൂട്ടുമത്സരം അംഗീകാരത്തിനുള്ള ആവശ്യം സർക്കാരിൻ്റെ പരിഗണനയിലുണ്ടെന്നും കായികമന്ത്രി മലപ്പുറത്ത് പറഞ്ഞു. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വി അബ്ദുറഹിമാൻ.
അര്‍ജന്‍റീന വരുമെന്നാണ് ഇപ്പോഴും പ്രതീക്ഷയെന്ന് വി അബ്ദുറഹിമാന്‍
അര്‍ജന്‍റീന ഫുട്ബോൾ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്. അര്‍ജന്‍റീന കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികള്‍ വൈകിയതാണ് അര്‍ജന്‍റീന ടീമിന്‍റെ നവംബറിലെ വരവ് തടസപ്പെടാന്‍ കാരണമായത്. കൊച്ചി കലൂര്‍ സ്റ്റേഡിയം നവീകരണം നിശ്ചിത സമയത്ത് പൂർത്തിയാക്കും എന്നു കരുതിയാണ് അര്‍ജന്‍റീനയുടെ കേരള സന്ദര്‍ശനത്തിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചത്. അര്‍ജന്‍റീന നവംബറില്‍ വന്നില്ലെങ്കില്‍ മറ്റൊരിക്കൽ വരും. നമ്മുടെ നാട്ടിലെ ചിലർ ഇ-മെയിൽ അയച്ച് അര്‍ജന്‍റീനയുടെ വരവ് മുടക്കാൻ നോക്കിയെന്നും മന്ത്രി ആരോപിച്ചു.
