
ദോഹ: യൂറോപ്യൻ സന്ദർശനത്തിന് ശേഷം മലേഷ്യയിലേക്കുള്ള യാത്രാമധ്യേ ഖത്തറിൽ ഇറങ്ങിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ അടുത്തിടെ പ്രഖ്യാപിച്ച ഗാസ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. മേഖലയിലെ ഏറ്റവും വലിയ യു.എസ് സൈനിക താവളമായ ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിൽ ശനിയാഴ്ച വൈകുന്നേരം ഇന്ധനം നിറയ്ക്കുന്നതിനായി നിർത്തിയ സമയത്താണ് ട്രംപിന്റെ എയർഫോഴ്‌സ് വണ്ണിൽ വെച്ച് കൂടിക്കാഴ്ച നടന്നത്. അഞ്ച് ദിവസത്തെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ട്രംപ് പ്രധാന ചർച്ചകൾ നടത്തുന്ന മലേഷ്യയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഈ സന്ദർശനം. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
ഗാസ വെടിനിർത്തൽ സമാധാന ഉടമ്പടിയിൽ പ്രധാന പങ്കാളികളായ ഇരുരാരാജ്യങ്ങളിലേയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച വലിയ പ്രധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കിയത്. മിഡിൽ ഈസ്റ്റിലെ സമാധാന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനും, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാനും, രണ്ട് സൗഹൃദ രാഷ്ട്രങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന തന്ത്രപരമായ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കാനും ഈ കൂടിക്കാഴ്ച ഒരു നല്ല അവസരമായിരുന്നു എന്ന് ഖത്തർ അമീർ എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഗസ്സയിൽ വെടിനിർത്തൽ കരാർ ഉറപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് ട്രംപ് നന്ദി അറിയിച്ചു. ട്രംപ് ഖത്തറിൽ ഇറങ്ങുന്ന വിവരം നേരത്തെ അറിയിച്ചിരുന്നു. ജനുവരിയിൽ അധികാരമേറ്റതിനുശേഷം ട്രംപ് ആദ്യമായാണ് ഏഷ്യയിലേക്ക് യാത്ര ചെയ്യുന്നത്. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ ഞായറാഴ്ച ആരംഭിക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ട്രംപ് ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിക്കും. ട്രംപിന്റെ ഏഷ്യൻ പര്യടനത്തിലെ പ്രധാന അജണ്ടയായ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
