
ഫുട്‌ബോള്‍ താരം മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കായികമന്ത്രി വി അബ്ദുറഹിമാന്‍. കലൂര്‍ സ്‌റ്റേഡിയം നവീകരണ വിവാദം കത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ മന്ത്രി വി അബ്ദുറഹിമാന്‍ പാടേ അവഗണിച്ചു. സ്റ്റേഡിയം നവീകരണത്തില്‍ കോണ്‍ഗ്രസും ബിജെപിയും അഴിമതി സംശയിക്കുക കൂടി ചെയ്യുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് മന്ത്രി ചോദ്യങ്ങളോട് മൗനം തുടരുന്നതെന്നത് ശ്രദ്ധേയമാണ്. മന്ത്രിയോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ എസി മൊയ്തീന്‍ എംഎല്‍എയും പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിക്ക് പ്രതിരോധം തീര്‍ക്കുകയും ചെയ്തു.
തൃശൂര്‍ എരുമപ്പെട്ടിയില്‍ ഒരു ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കായികമന്ത്രി. അദ്ദേഹത്തിനൊപ്പം സ്ഥലം എംഎല്‍എ എസി മൊയ്തീനുമുണ്ടായിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി മുഖം തിരിക്കുകയും മൗനം പാലിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ ചോദ്യം തുടര്‍ന്നപ്പോള്‍ എസി മൊയ്തീന്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ഇപ്പോള്‍ ചോദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ക്യാമറ തടയുകയും മൈക്ക് തള്ളുകയും ചെയ്തു. മന്ത്രിയെ പിന്തുടര്‍ന്ന ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ സൂരജ് ശശിയെ പൊലീസ് തടയുകയും പിടിച്ചുമാറ്റുകയും ചെയ്തു.
കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായുള്ള കരാര്‍ വ്യവസ്ഥയില്‍ ദുരൂഹതയുണ്ട് എന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. സ്‌പോണ്‍സര്‍ കമ്പനിയുമായി ജിസിഡിഐക്കുള്ള കരാറിന്റെ പകര്‍പ്പ് പുറത്തുവിടണമെന്ന് ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു. മെസി വരുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ കായിക കേരളത്തിന് താത്പര്യമുണ്ട് അതിനാല്‍ അനിശ്ചിതത്വം മാറാന്‍ ജിസിഡിഎ കാര്യങ്ങള്‍ വിശദമാക്കണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന്റെ ഭാവി പോലും ചോദ്യചിഹ്നത്തിലാകുന്ന ഒരു അവസ്ഥ പോലും നിലനില്‍ക്കുന്നുണ്ടെന്നും ഹൈബി ഈഡന്‍ പറഞ്ഞിരുന്നു.
