പക്ഷാഘാത ദിനാചരണം മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക നിര്‍വഹിച്ചു. കുടുംബത്തിനും സമൂഹത്തിനും വലിയ ആഘാതം സൃഷ്ടിക്കുന്ന പക്ഷാഘാതത്തെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തണമെന്ന് ഡി.എം.ഒ. പറഞ്ഞു. മലപ്പുറം പടിഞ്ഞാറ്റുമുറി കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഗോപാലന്‍ മങ്കട അധ്യക്ഷത വഹിച്ചു.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തിക്ക് പക്ഷാഘാതം സംഭവിക്കുന്നത്. സമയബന്ധിത ചികിത്സ നല്‍കുന്നതിലൂടെ വൈകല്യങ്ങള്‍ ഒഴിവാക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. ഇതേക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും അപകടസാധ്യതകളെക്കുറിച്ച് ബോധവത്ക്കരിക്കുകയുമാണ് ദിനാചരണ ലക്ഷ്യം.
പരിപാടിയില്‍ ജീവിതശൈലിയും പക്ഷാഘാത സാധ്യതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി മലപ്പുറം താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ. കെ.പി. ജന്‍ഫര്‍ ബാബു സെമിനാര്‍ അവതരിപ്പിച്ചു. കൂട്ടിലങ്ങാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സഫ സലിം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹാരിസ് പറച്ചികോട്ടില്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ്ഖാന്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ വിന്‍സന്റ് സിറില്‍, ഡി.എസ്. വിജയകുമാര്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ കെ.കെ. ഫാത്തിമ ഷജ അധ്യാപക പരിശീലകരായ രമേശ് രാവുണ്ണി, സവിത എന്നിവര്‍ പങ്കെടുത്തു.

