ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക വെള്ളിയാഴ്ച വിരമിക്കും

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക നാളെ (വെള്ളി) സർവീസിൽ നിന്ന് വിരമിക്കും. 26 വർഷത്തെ സേവനത്തിന് ശേഷമാണ് ഡി.എം.ഒ. വിരമിക്കുന്നത്.ആരോഗ്യ കുടുംബ ക്ഷേമ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ നേതൃത്വം നൽകിയാണ് ഡോ.രേണുക പടിയിറങ്ങുന്നത്.

2021 നവംബറിലാണ് ഡോ.രേണുക മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയായത്. ജില്ലയിൽ വീട്ടിലെ പ്രസവം ഗണ്യമായി കുറച്ചതിന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ നിപ നിയന്ത്രണ പ്രവർത്തനത്തിനും ആരോഗ്യവകുപ്പിന്റെ പ്രശംസ നേടിയിട്ടുണ്ട്.
കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നിന്നും എം.ബി. ബി.എസ്. നേടിയ ശേഷം കല്ലുവാതുക്കൽ ഇ.എസ്.ഐ. ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട്മലപ്പുറം കീഴാറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു. തുടർന്ന് പാണ്ടിക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സേവനം അനുഷ്ഠിച്ചു. 2010 ൽ മലപ്പുറത്ത് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിതയായി. ജില്ലാ ആർ.സി. എച്ച്.ഓഫീസറായും സേവനം അനുഷ്ഠിച്ചു. 2018 ൽ വയനാട് ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു. ജില്ലയിലെ പ്രളയ ദുരന്ത നിവാരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ശ്രദ്ധ നേടി. കോട്ടയം സ്വദേശിയായ ഡോ.രേണുക ഇപ്പോൾ പെരിന്തൽമണ്ണ കീഴാറ്റൂർ നിവാസിയാണ്.ദേശീയ ആരോഗ്യ ദൗത്യം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടിയായി സേവനം ചെയ്ത ഡോ.രേണുക ജനപ്രിയ ഡോക്ടർ, ജനകീയ ഡി.എം.ഒ. എന്നീ നിലകളിലും പ്രശസ്തി നേടിയാണ് പടിയിറങ്ങുന്നത്.

