Fincat

കടല്‍ കടന്ന് കരമീനും വരാലും; 5 ടണ്ണിലധികം കയറ്റുമതി ചെയ്തു, ശ്രദ്ധ നേടി ഡാമിലെ കൂട് മത്സ്യകൃഷി

കേരളത്തിലെ ശുദ്ധജല മത്സ്യകൃഷി മേഖലയില്‍ ഒരു പുതിയ പാത തുറന്ന് നെയ്യാര്‍ റിസര്‍വോയറിലെ കൂട് മത്സ്യകൃഷി പദ്ധതി ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നു. ശുദ്ധജലാശയങ്ങളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീന്‍ കൃഷിയും കൂടുകളിലെ വരാല്‍ കൃഷിയും ആഗോളതലത്തില്‍ ആദ്യമായി നടപ്പാക്കിയ ഈ സംരംഭം, സാങ്കേതിക നേട്ടങ്ങള്‍ക്കൊപ്പം ഒരു സാമൂഹിക മുന്നേറ്റം കൂടിയാണ്. പദ്ധതി തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം അന്വേഷണങ്ങള്‍ പ്രവഹിക്കുകയാണ്. ഈ സംരംഭം ലോകത്തിന് ഒരു മാതൃകയായി മാറുന്നതിന്റെ സൂചനയാണ് ഇത്. തദ്ദേശീയ മത്സ്യ ഇനങ്ങളെ മാത്രം ഉപയോഗിച്ച്, റിസര്‍വോയറിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

1 st paragraph

ഡാമുകളുടെ നിര്‍മ്മാണം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങിയ കാരണങ്ങളാല്‍ മത്സ്യസമ്പത്ത് കുറയുകയും തല്‍ഫലമായി മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ ഗോത്രവിഭാഗക്കാര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്ത ഒരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഗോത്രവിഭാഗങ്ങള്‍ക്ക് സ്ഥിരമായ ഉപജീവനം ഉറപ്പുവരുത്തുക, അവര്‍ക്കിടയിലെ പ്രോട്ടീന്‍ ക്ഷാമം പരിഹരിക്കുക, പ്രദേശവാസികള്‍ക്ക് കലര്‍പ്പില്ലാത്ത മത്സ്യം ലഭ്യമാക്കുക തുടങ്ങിയ അടിസ്ഥാന ലക്ഷ്യങ്ങളോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംഎംഎസ്‌വൈയില്‍ ഉള്‍പ്പെടുത്തി 10.81 കോടി രൂപ ചെലവിലാണ് ‘പാര്‍ട്ടിസിപ്പേറ്ററി ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡെവലപ്‌മെന്റ് ഇന്‍ സെലക്റ്റഡ് റിസര്‍വ്വോയേഴ്സ് ഓഫ് കേരള’ എന്ന ഈ സംരംഭം നെയ്യാര്‍, പീച്ചി, ഇടുക്കി റിസര്‍വോയറുകളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.

പദ്ധതിയുടെ നിര്‍വ്വഹണത്തിനായി പുരവിമല സെറ്റില്‍മെന്റിലെ 14 ഗോത്രവിഭാഗം ജീവനക്കാര്‍ക്കാണ് തൊഴില്‍ നല്‍കിയത്. മത്സ്യബന്ധന വകുപ്പിന് കീഴിലുള്ള എഡിഎകെ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുവണ്ണാമൂഴി റിസര്‍വോയറില്‍ പ്രാഥമിക പരിശീലനവും തുടര്‍ന്ന് നെയ്യാറില്‍ വെച്ച് കരിമീന്‍, വരാല്‍ കൃഷിരീതികളെക്കുറിച്ച് നിരന്തര പരിശീലനവും ഇവര്‍ക്ക് നല്‍കി. വന്യജീവി സംരക്ഷിത മേഖലയായതിനാല്‍ വനം വകുപ്പിന്റെ അനുമതി ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗോത്രവിഭാഗക്കാര്‍ തന്നെ ഗുണഭോക്താക്കളാകണം, വളര്‍ത്തുന്ന മത്സ്യങ്ങള്‍ തദ്ദേശമത്സ്യങ്ങളായിരിക്കണം എന്നീ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് പുരവിമല കടവിന് സമീപം 100 എച്ച്ഡിപിഇ ഫ്‌ലോട്ടിംഗ് കേജുകള്‍ സ്ഥാപിച്ചത്.
ആധുനിക സംവിധാനങ്ങളായ സോളാര്‍ വിളക്കുകള്‍, സിസിടിവി ക്യാമറകള്‍, സംഭരണ മുറികള്‍, ബോട്ടുകള്‍, വിപണനത്തിനുള്ള കാരിയര്‍ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആരംഭത്തില്‍ നിരവധി സാങ്കേതിക വെല്ലുവിളികള്‍ നേരിട്ടെങ്കിലും, ശാസ്ത്രീയമായ ഇടപെടലുകളിലൂടെയും ഗോത്രവിഭാഗം ജീവനക്കാരുടെ കഠിനാധ്വാനത്തിലൂടെയും അവയെല്ലാം വിജയകരമായി മറികടക്കാന്‍ സാധിച്ചു.
തദ്ദേശവാസികള്‍ക്ക് ആവശ്യമായത് കഴിഞ്ഞുള്ള മത്സ്യം ബ്രിട്ടനിലേക്ക് (യുകെ) കയറ്റി അയക്കുന്നതിനുള്ള സാധ്യതകള്‍ തേടുകയും, ഗുണനിലവാര പരിശോധനയ്ക്ക് ശേഷം 500 കിലോഗ്രാം വീതമുള്ള കണ്‍സൈന്‍മെന്റുകള്‍ കയറ്റി അയക്കാന്‍ ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തു. ഇതിനോടകം അഞ്ച് ടണ്ണിലധികം മത്സ്യം കയറ്റുമതി ചെയ്യാനും വിറ്റഴിക്കാനും സാധിച്ചത് പദ്ധതിയുടെ വാണിജ്യപരമായ വിജയം ഉറപ്പിക്കുന്നു. നെയ്യാര്‍ റിസര്‍വോയറിലെ കരിമീനും വരാലിനും ഒപ്പം കടല്‍ കടക്കുന്നത്, ഈ തദ്ദേശീയ ഗോത്ര ജനതയുടെ അതിജീവനത്തിന്റെ വിജയഗാഥ കൂടിയാണ്.

2nd paragraph