
ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസുകാരിയെ മുത്തച്ഛൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.വെള്ളിയാഴ്ചയായിരുന്നു സംഭവം. നാടോടി സംഘത്തിലെ കുഞ്ഞും കുടുംബവും താരകേശ്വർ റെയില്‍വേ സ്റ്റേഷൻ പരിസരത്താണ് താല്‍കാലികമായി താമസിച്ചുവന്നിരുന്നത്. രാത്രിയില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ മുത്തച്ഛന്‍ കൊതുകുവലയ്ക്കുള്ളില്‍നിന്നും വലിച്ചെടുത്ത് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ കുടുംബം നടത്തിയ തിരച്ചിലില്‍ വിവസ്ത്രയാക്കപ്പെട്ട് ഗുരുതരപരിക്കുകളോടെ കുട്ടിയെ അഴുക്കുചാലില്‍ കണ്ടെത്തി. പുലർച്ചെ നാല് മണിയോടെയാണ് സംഭവമെന്ന് മുത്തശ്ശി പറഞ്ഞു. കുട്ടി തനിക്കൊപ്പം ഉറങ്ങുകയായിരുന്നു. ആരോ വന്ന് കൊതുകുവല മുറിച്ച്‌മാറ്റിയിട്ടുണ്ട്. എന്നാല്‍ ഉറക്കത്തിലായതിനാല്‍ കുഞ്ഞിനെ എടുത്ത് കൊണ്ടുപോകുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുത്തശ്ശി പറഞ്ഞു.

സംഭവം നടന്ന് പിറ്റേന്ന് വൈകീട്ടോടെയാണ് താരകേശ്വർ റെയില്‍വേ സ്റ്റേഷന്റെ പരിസരത്തെ അവുക്കുചാലില്‍ കുട്ടിയെ കണ്ടെത്തിയത്. രക്തത്തില്‍ കുതിർന്ന നിലയിലായിരുന്ന കുട്ടിയെ ഉടൻ താരകേശ്വറിലെ ഗ്രാമീണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ മുത്തച്ഛനെതിരെ പോക്‌സോ ആക്‌ട് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി താരകേശ്വർ പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
