Fincat

മലയാളി യുവതിയെയും യുവാവിനെയും കൊലപ്പെടുത്തിയ കേസ്: ഒളിവിലായിരുന്ന നിലമ്ബൂര്‍ സ്വദേശി പിടിയില്‍


ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്ബൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.അബുദാബിയില്‍ ബിസിനസ് കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹാരിസ് തത്തമ്മപ്പറമ്ബില്‍, സുഹൃത്ത് ഡെന്‍സി ആന്റണി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഷെമീം അറസ്റ്റിലായിരിക്കുന്നത്.

2020 മാര്‍ച്ചിലാണ് കോഴിക്കോട് സ്വദേശി ഹാരിസ്, ഓഫീസ് മാനേജറായ ഡെന്‍സി എന്നിവരെ അബുദാബിയിലെ ഫ്‌ളാറ്റില്‍വെച്ച്‌ കൊലപ്പെടുത്തിയത്. നിലമ്ബൂരില്‍ നാട്ടുവൈദ്യനായിരുന്ന ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഷൈബിന്‍ അഷറഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കൊലപാതകം. ഇയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും ഷൈബിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു.

ഷൈബിനും ഹാരിസും സുഹൃത്തുക്കളായിരുന്നു. ബിസിനസിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തിയത്. ഹാരിസും ഡെന്‍സിയും ആത്മഹത്യ ചെയ്തതാവാം എന്നായിരുന്നു ദുബായ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാബാ ഷെരീഫ് വധക്കേസ് പുറത്തുവന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അബുദാബി കൊലക്കേസിലും പ്രതികള്‍ക്കുള്ള ബന്ധത്തെക്കുറിച്ച്‌ സൂചന ലഭിച്ചത്. പ്രതികളെ പിടികൂടാനായി ലുക്ക്‌ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.