തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി

മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് തലത്തിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതാത് ബ്ലോക്കിലാണുള്ളത്. അപേക്ഷകള്‍ പരിശോധിച്ച് യഥാസമയം അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാന്‍ അതത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശം നല്‍കി.

പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ളവര്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരികള്‍ക്ക് നല്‍കണം. വോട്ടെണ്ണല്‍ തീയതിയായ ഡിസംബര്‍ 13ന് രാവിലെ എട്ട് വരെയുള്ള വോട്ട് ചെയ്ത് തിരികെ ലഭ്യമാകുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമാണ് പരിഗണിക്കുക.
ബ്ലോക്കുകളും വരണാധികാരികളും

105 നിലമ്പൂര്‍ ബ്ലോക്ക്-ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (നോര്‍ത്ത്)നിലമ്പൂര്‍, 106 കൊണ്ടോട്ടി ബ്ലോക്ക്-എക്‌സി. എന്‍ജിനീയര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം മലപ്പുറം, 107 വണ്ടൂര്‍ ബ്ലോക്ക്-ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (സൗത്ത്) നിലമ്പൂര്‍, 108 കാളികാവ് ബ്ലോക്ക് -എക്‌സി. എന്‍ജിനീയര്‍,പൊതുമരാമത്ത് ദേശീയപാതാ വിഭാഗം മലപ്പുറം, 109 അരീക്കോട് ബ്ലോക്ക്-പ്രോജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം മലപ്പുറം, 110 മലപ്പുറം ബ്ലോക്ക്-ജില്ലാ ലേബര്‍ ഓഫീസര്‍ മലപ്പുറം, 111 പെരിന്തല്‍മണ്ണ ബ്ലോക്ക്-സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) മലപ്പുറം, 112. മങ്കട ബ്ലോക്ക് – ഡെപ്യൂട്ടി കളക്ടര്‍, റവന്യൂ റിക്കറവറി, മലപ്പുറം, 113 കുറ്റിപ്പുറം ബ്ലോക്ക്-ജില്ലാ സപ്ലൈ ഓഫീസര്‍ മലപ്പുറം, 114 താനൂര്‍ ബ്ലോക്ക്-എക്‌സി. എന്‍ജിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, മലപ്പുറം,115 വേങ്ങര ബ്ലോക്ക്-അസിസ്റ്റന്റ് ഡയറക്ടര്‍ ജോയിന്റ് ഡയറക്ടര്‍ എല്‍ എസ് ജി ഡി, 116 തിരൂരങ്ങാടി-ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍, മലപ്പുറം,117 തിരൂര്‍ ബ്ലോക്ക്-ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് മലപ്പുറം, 118 പൊന്നാനി ബ്ലോക്ക്-ജില്ലാ കയര്‍ പ്രോജക്ട് ഓഫീസര്‍ പൊന്നാനി, 119 പെരുമ്പടപ്പ് ബ്ലോക്ക്-ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പൊന്നാനി.
പോസ്റ്റല്‍ ബാലറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍
പോളിംഗ് സ്റ്റേഷനില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസര്‍മാര്‍ക്ക് പുറമെ, പോളിംഗ് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെയും ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും നിരീക്ഷകര്‍ക്കും സെക്ടറല്‍ ഓഫീസര്‍മാര്‍, ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിനായി ഫോറം 15 ല്‍ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അപേക്ഷ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുന്‍പോ, അല്ലെങ്കില്‍ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുന്‍പോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നല്‍കുകയോ ചെയ്യാം. നേരിട്ട് നല്‍കുമ്പോള്‍ അപേക്ഷകന്‍ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകള്‍ നല്‍കണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നല്‍കിയാല്‍ മതി. എല്ലാ തലത്തിലെയും പോസ്റ്റല്‍ ബാലറ്റിനായി മൂന്ന് വരണാധികാരികള്‍ക്കുമുള്ള ഫോറം 15 ലെ മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നല്‍കിയാലും മതി. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.
ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍, ഫോറം 16 ലെ സത്യപ്രസ്താവന (3 വീതം), ഫോറം 17 ലെ സമ്മതിദായകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ (1 വീതം), ഫോറം 18 ലെ ചെറിയ കവറുകള്‍ (3 വീതം), ഫോറം 19 ലെ വലിയ കവറുകള്‍ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നല്‍കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നല്‍കുക. നേരിട്ട് കൈമാറുകയാണെങ്കില്‍ അപേക്ഷകന്‍ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.
