Fincat

ശബരിമല സ്വര്‍ണകൊള്ള കേസ്; എന്‍ വാസുവിന് ഇന്ന് നിര്‍ണായകം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസില്‍ എന്‍. വാസു മൂന്നാം പ്രതിയാണ്. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. എന്നാല്‍, വാസു വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. ബോര്‍ഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയില്‍ ഉണ്ടായിരുന്നില്ല.

1 st paragraph

മുരാരി ബാബു നല്‍കിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തത്. അതിനെ ശുപാര്‍ശയെന്ന് പറയാനാകില്ലെന്നാണ് എന്‍.വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

അതേസമയം,ശബരിമല സ്വര്‍ണകൊള്ള കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസ് ഇന്ന് കൂടുതല്‍ സമയം തേടും. അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ചതിനാലാണ് എസ്‌ഐടി കൂടുതല്‍ സമയം തേടുന്നത്. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും മുദ്രവെച്ച കവറില്‍ പൊലീസ് സമര്‍പ്പിക്കും. അന്വേഷണത്തിലെ നിലവിലെ സാഹചര്യവും തുടര്‍ നടപടികളും അടച്ചിട്ട കോടതിമുറിയില്‍ എസ്‌ഐടി ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കും. മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനുശേഷമുള്ള അന്വേഷണ പുരോഗതിയായിരിക്കും കോടതിയെ അറിയിക്കുക. കേസിന്റെ തുടര്‍ നടപടികളില്‍ ഇന്നത്തെ ഹൈക്കോടതിയുടെ നിര്‍ദേശവും നിര്‍ണായകമാകും.

2nd paragraph

ഇന്നലെ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ പത്മകുമാര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ തനോടൊപ്പമുണ്ടായിരുന്ന അംഗങ്ങള്‍ക്കെതിരെയാണ് പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയിലെ വാദം. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ നല്‍കിയത് കൂട്ടായ തീരുമാനമാണെന്നും താന്‍ മാത്രം എങ്ങനെ അതില്‍ ഉത്തരവാദിയാകുമെന്നുമാണ് ജാമ്യഹര്‍ജിയിലെ പത്മകുമാറിന്റെ വാദം. മിനുട്‌സില്‍ ചെമ്പ് എന്നെഴുതിയതില്‍ എല്ലാവര്‍ക്കും അറിവുണ്ടെന്നും വീഴ്ചയുണ്ടെങ്കില്‍ അതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും തനിക്ക് മാത്രമല്ലെന്നുമാണ് പത്മകുമാറിന്റെ പ്രധാന വാദം. അതേസമയം, പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ നിലപാടും നിര്‍ണായകമാകും.