
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ 22 പേജുകളുള്ള ഉത്തരവ് പുറത്ത്.എംഎല്‍എ പദവി ഉപയോഗിച്ച് കേസില്‍ സ്വാധീനം ചെലുത്തി സാക്ഷികള്‍, പരാതിക്കാർ എന്നിവരെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഈയൊരു ഒറ്റകാരണത്തിലാണ് കോടതി എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചത്.
പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്ന പ്രോസിക്യൂഷൻ വാദം കോടതിക്ക് ബോധ്യപ്പെട്ടു. കൂടാതെ സമീപദിവസങ്ങളില്‍ ഉണ്ടായ സംഭവവികാസങ്ങളും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ വാദത്തിനിടയില്‍ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തെളിവുകള്‍ സംബന്ധിച്ച വിലയിരുത്തലിലേക്ക് പോകാൻ കഴിയില്ലെന്നും അന്വേഷണം പൂർത്തിയാക്കി വിചാരണ ഘട്ടമാകട്ടേയെന്നും കോടതി വ്യക്തമാക്കി.

രാഹുലിനെതിരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്‌ഐആർ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ പുതിയ പരാതി കൂടി വന്നതോടെ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ രണ്ടാമതൊരു കേസ് വന്നത് കൊണ്ട് സ്ഥിരം കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. രാഹുലിന്റെ അഭിഭാഷകൻ ഉന്നയിച്ച ആരോപണങ്ങളും പ്രോസിക്യൂഷൻ വാദങ്ങളും റിപ്പോർട്ടില്‍ വിശദീകരിക്കുന്നുണ്ട്.
പരാതിക്കാരി വിവാഹിതയാണെന്നും പരാതിക്കാരിയുമായി ഹർജിക്കാരന് പരസ്പര ധാരണ പ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഭാരതീയ നിയമസംഹിത സെക്ഷൻ 64 പ്രകാരമുള്ള കുറ്റകൃത്യം ചുമത്താനുള്ള കാരണങ്ങള്‍ ഈ കേസിലില്ലെന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. കൂടാതെ പെണ്‍കുട്ടി ഗർഭനിരോധന ഗുളിക കഴിച്ചതില്‍ ഹർജിക്കാരന് യാതൊരു സ്വാധീനമില്ലെന്നും പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സമ്മർദം മൂലമാണ് പരാതി നല്‍കിയതെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.

