
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനിടെ നെടുമങ്ങാട് വോട്ട് ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സെയ്തലി കൈപ്പാടി ആണ് ദൃശ്യം ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മനഃപൂർവ്വം ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
പോളിങ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും വീഡിയോഗ്രഫി ചെയ്യുന്നതും നിരോധിച്ച് നിയമപരമായ ഉത്തരവ് നിലനില്‍ക്കെ അതിന് വിപരീതമായി പ്രതി ഉത്തരവ് ലംഘിച്ച് വോട്ടർമാരുടെ ഇടയില്‍ സ്വാധീനം ചെലുത്തണമെന്ന ഉദ്ദേശത്തോടെ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുന്നത് ഫോണില്‍ പകർത്തി. ഇത് ഇയാള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കുകയും സ്ഥലത്ത് മനഃപൂർവ്വം സംഘർഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രവർത്തിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്.

