
ഹൈദരാബാദ്: ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ നേരില്‍ കാണാനും ഒപ്പം ഫോട്ടോ എടുക്കാനും ആരാധകർക്ക് സുവർണ്ണാവസരം ഒരുങ്ങുന്നു.14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗോട്ട് (GOAT) ടൂറിന്റെ ഭാഗമായി ശനിയാഴ്ച ഇന്ത്യയിലെത്തുന്ന മെസിക്കായി വൻ സ്വീകരണമാണ് സംഘാടകർ ഒരുക്കുന്നത്. എന്നാല്‍, മെസിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുമായി ആരാധകർക്ക് വലിയ തുക മുടക്കേണ്ടിവരും. മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാനുള്ള ഏറ്റവും കുറഞ്ഞ പാക്കേജിന് ജിഎസ്ടിക്ക് പുറമെ 10 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക. മെസിക്കൊപ്പം ചിത്രങ്ങളെടുക്കാനും കൂടിക്കാഴ്ചകള്‍ക്കുമായി വിവിധ പാക്കേജുകളാണ് സംഘാടകർ അവതരിപ്പിച്ചിരിക്കുന്നത്.

അടിസ്ഥാന പാക്കേജ് (10 ലക്ഷം + ജിഎസ്ടി)
മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ.

മെസി കൈയൊപ്പിട്ട അർജന്റീന ജേഴ്സി.
ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവർ മെസിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് സാക്ഷ്യം വഹിക്കാൻ അവസരം.
മെസി പെനല്‍റ്റി കിക്ക് എടുക്കുന്നത് നേരില്‍ കാണാം.
അത്താഴവിരുന്നില്‍ പങ്കെടുക്കാൻ അവസരം.
ഫാദർ-സണ്‍ പാക്കേജ് (12.50 ലക്ഷം + ജിഎസ്ടി)
അച്ഛനും മകനും മെസിയെ ഒറ്റയ്ക്ക് കാണാനുള്ള അവസരം.
ഒരാള്‍ക്ക് മാത്രം മെസിക്കൊപ്പം ഫോട്ടോ എടുക്കാം.
രണ്ടുപേർക്കും മെസി കൈയൊപ്പിട്ട ജേഴ്സി ലഭിക്കും.
പെനല്‍റ്റി കിക്ക് കാണാനും അത്താഴവിരുന്നില്‍ പങ്കെടുക്കാനും അവസരം.
ഫാമിലി പാക്കേജ് (25 ലക്ഷം + ജിഎസ്ടി)
രണ്ട് പേർക്ക് മെസിയുടെ കൂടെ ഫോട്ടോ എടുക്കാം.
രണ്ട് പേർക്ക് മെസിയുടെ കൈയൊപ്പോടെയുള്ള ജേഴ്സി.
നാലുപേർക്ക് മെസി പെനല്‍റ്റി കിക്ക് എടുക്കുന്നത് കാണാനും അത്താഴവിരുന്നില്‍ പങ്കെടുക്കാനും അവസരം.
കോർപ്പറേറ്റ് പാക്കേജ് (95 ലക്ഷം + ജിഎസ്ടി)
കോർപ്പറേറ്റ് തലത്തിലുള്ള ആദരം.
മെസിയില്‍ നിന്ന് മൊമെന്റോ വാങ്ങാനുള്ള അവസരം.
കോർപ്പറേറ്റ് ടീം അംഗങ്ങള്‍ക്ക് മെസിക്കൊപ്പം ഫോട്ടോ എടുക്കാം.
ടീം അംഗങ്ങള്‍ക്ക് മെസി കൈയൊപ്പിട്ട ജേഴ്സി.
പതിമൂന്നിന് കൊല്‍ക്കത്തയിലെത്തുന്ന മെസി അന്ന് വൈകിട്ട് ഹൈദരാബാദ് സന്ദർശിക്കും. തുടർന്ന് 14ന് മുംബൈയിലും 15ന് ഡല്‍ഹിയിലും എത്തും. ഹൈദരാബാദില്‍ ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് എത്തുന്ന മെസി ഉപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. സിംഗരേനി ആർആർ-9 ടീമും മെസി ഓള്‍ സ്റ്റാർസ് ടീമും തമ്മിലുള്ള പ്രദർശന മത്സരത്തിൻ്റെ അവസാന അഞ്ച് മിനിറ്റാകും മെസി ഗ്രൗണ്ടിലിറങ്ങുക. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മെസിക്കൊപ്പം ഗ്രൗണ്ടിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011-ല്‍ കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരായ സൗഹൃദ മത്സരം കളിക്കാനാണ് മെസി ഇതിന് മുൻപ് ഇന്ത്യയിലെത്തിയത്. അർജന്റീനയുടെ നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.
