
തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭയിലെ 20-ാം ഡിവിഷനില്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പോളിങ് ഉദ്യോഗസ്ഥർ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.മങ്കര തരു പീടികയില്‍ അൻവർ (42) ആണ് പിടിയിലായത്. ഇയാളെ നിലവില്‍ പൊലിസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.

വോട്ടു ചെയ്യാനെത്തിയ അൻവറിന്റെ വിരലില്‍ നേരത്തേയുള്ള മഷിപ്പാട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ നേരത്തെ കുളപ്പുള്ളിയിലെ ബൂത്തില്‍ വോട്ട് ചെയ്തതായി വ്യക്തമായി. ഒരു വോട്ടർ തന്നെ രണ്ടാമതും വോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.പ്രിസൈഡിങ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അൻവറിനെതിരെ നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കവെയാണ് വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തത്. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് നിലവില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഇതുവരെ ഏഴ് ജില്ലകളിലുമായി 69.76 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
