Fincat

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍


തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് യുഡിഎഫ്.നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങള്‍ വരുന്ന നിയമസഭാ ഇലക്ഷനിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്നും വിശ്വാസികളെ ഇനിയും കബളിപ്പിക്കാമെന്ന് പിണറായി കരുതേണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനിലെ പ്രകടനത്തെ കുറിച്ചും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സംസാരിച്ചു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് സംഘടന ദൗര്‍ബല്യമുണ്ടായിരുന്നു. അത് മറികടക്കാന്‍ ശ്രമിച്ചു
ശ്രമം പൂര്‍ണമായി വിജയിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ ആണ് മുന്നിട്ടു നില്‍ക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് നില്‍ക്കുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎ ഭരണം പിടിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരത്തിന്റെ മേയര്‍ സ്ഥാനത്തേക്ക് ബിജെപി എത്തും.

1 st paragraph

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്‍ഡിഎ.
14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.