Fincat

ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്തെന്ന് ഷാഫി പറമ്പിൽ; ‘ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു’


കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം കൈവരിച്ചതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ വിധിയെഴുത്താണിതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സർക്കാരിൻ്റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലായിടങ്ങളിലും യുഡിഎഫിനു മുന്നേറ്റം ഉണ്ടായി. അധികാരത്തിലിരിക്കുന്നവരേക്കാൾ ശക്തി ജനങ്ങൾക്കാണെന്ന് തെളിഞ്ഞു. ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഷാഫി. ഒട്ടും അഹങ്കരിക്കാതെ വിനയത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും. 2026 ലേക്കുള്ള ഇന്ധനം കൊടുത്താൽ ഒരുമയോടെ കരുത്തോടെ മുന്നോട്ട് പോകും. സണ്ണി ജോസഫ് നേതൃപരമായ പങ്കു വഹിച്ചു. പ്രതിപക്ഷ നേതാവിൻ്റെ കഠിനാധ്വാനം ഗുണമായി. മുസ്ലിം ലീഗ് അതിശക്തമായ വിജയത്തിന് ഇന്ധനം പകർന്നു. കോഴിക്കോട് സിപിഎമ്മിനു ജനങ്ങൾ നൽകിയ നിരുപാധിക പിന്തുണക്ക് തിരിച്ചൊന്നും നൽകിയില്ല. അതിനുള്ള മറുപടി കൂടിയാണ്. വടകരയിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വടകരയിൽ ചരിത്ര മുന്നേറ്റമുണ്ടായി. സിപിഎമ്മിൻ്റെ കുത്തക പഞ്ചായത്തുകളിൽ ചരിത്ര വിജയം നൽകി. വീക്ക് ആയ സ്ഥലങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കി. ടിപിയുടെ ഘാതകരെ തുറന്നു വിടാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ കൂടിയുള്ള വിധിയെഴുത്താണിതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

1 st paragraph

ബിജെപിക്ക് കേരളത്തിലുണ്ടായ നേട്ടത്തിന് നന്ദി പറയേണ്ടത് പിണറായി വിജയനോടാണ്. ശബരിമലയിലെ അമ്പലക്കള്ളന്മാരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞവരിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. ഔദാര്യം കൊടുത്ത പോലെയുള്ള പ്രതികരണമാണ് എംഎം മാണിയിൽ നിന്നുണ്ടായത്. ആരുടെയും തറവാട്ട് സ്വത്തിൽ നിന്നല്ല ക്ഷേമ പെൻഷൻ കൊടുത്തത്. വാങ്ങി ശാപ്പാട് അടിക്കാൻ കൊടുത്താൽ വോട്ട് ചെയ്യുമെന്ന് പറഞ്ഞ് ജനങ്ങളെ വിലകുറച്ച് കണ്ടു. ബിജെപിക്ക് ചിലയിടങ്ങളിൽ ഉണ്ടായ മുന്നേറ്റത്തിന് സിപിഎം മറുപടി പറയണം. ബിജെപിക്ക് വേണ്ടി സിപിഎം സീറ്റ് വെട്ടിമുറിച്ച് കൊടുത്തു. തിരുവനന്തപുരത്ത് ഞങ്ങൾ നില മെച്ചപ്പെടുത്തി. ബിജെപി വളർച്ചക്ക് സിപിഎം സഹായം ചെയ്തു. തെരഞ്ഞെടുപ്പ് ദിനത്തിൽ പദവിക്ക് നിരക്കാത്ത പ്രസ്താവന മുഖ്യമന്ത്രി നടത്തി. അതിനുള്ള തിരിച്ചടി ജനങ്ങൾ നൽകി. രാഹുൽ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നു കോൺഗ്രസ് ആ വിഷയത്തിൽ സ്റ്റാൻഡ് എടുത്തുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.