
പാലാ: കേരള കോണ്‍ഗ്രസ് എമ്മിന്‍റേയും ജോസ് കെ മാണിയുടേയും തട്ടകമായ പാല നഗരസഭ ആര് ഭരിക്കണം എന്ന് പുളിക്കകണ്ടം കുടുംബം തീരുമാനിക്കും.സ്വതന്ത്രരായി മത്സരിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ഇടത് അംഗവും സിപിഐഎം നേതാവുമായിരുന്ന ബിനു പുളിക്കക്കണ്ടം, ബിനുവിനൊപ്പം സഹോദരന്‍ ബിജു, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14, 15 വാര്‍ഡുകളിലായിരുന്നു ഇവരുടെ മത്സരം.
നഗരസഭയില്‍ 11 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും യുഡിഎഫ് 10 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഭരണം തീരുമാനിക്കുന്നതില്‍ പുളിക്കകണ്ടം കുടുംബത്തില്‍ നിന്നും വിജയിച്ചവരുടെ തീരുമാനം നിർണ്ണായകമാകും. 20 വര്‍ഷമായി കൗണ്‍സിലറായി വിജയിക്കുന്ന ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ത്ഥിയായും രണ്ട് തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിരുന്നു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ നിന്ന് സിപിഐഎം ചിഹ്നത്തില്‍ വിജയിച്ച ഏകയാളുമായിരുന്ന ബിനു.

കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങളെ തുടർന്ന് ബിനുവിനെ സിപിഐഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് സഹോദരന്‍ ബിജു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജു തൃശൂരില്‍ വോട്ട് ചെയ്തിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിഎ പൂര്‍ത്തിയാക്കിയ ദിയ എംബിഎയ്ക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി വി സുകുമാരന്‍ നായര്‍ പുളിക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.
