Fincat

തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ വന്നതോടെ പല തരത്തിലുള്ള ചർച്ചകളിലാണ് മുന്നണികളും വിജയിച്ചവരും. ഇതിൽ കേരളം ഇത്തവണ ഉറ്റു നോക്കുന്ന പ്രധാനപ്പെട്ട ഒന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ ഭൂരിപക്ഷമാണ്. നിലവിൽ 100 ൽ 50 സീറ്റിലാണ് ബിജെപി ജയിച്ചത്. ഇതിൽ വളരെ നിർണായകമായ ഡിവിഷനായ, വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടുമില്ല. സ്ഥാനാർത്ഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. എന്നാൽ, കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബിജെപിക്ക് ജയിക്കേണ്ടതും അത്യാവശ്യമാണ്. അതല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടേണ്ടിയും വരും.

അതു കൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച് നിർണായകമായ സമയമാണിനി വരുന്നത്. അതേ സമയം, മറുവശത്ത് ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റിലാണ് ജയിച്ചത്. യുഡിഎഫ് 19 സീറ്റിലും വിജയിച്ചു. ഇരുമുന്നണികളും ചേർന്നാൽ ആകെ 48 സീറ്റാകും. ഇവിടെയും 2 സ്വതന്ത്രരുടെ പിന്തുണ കൂടി നേടാനായാൽ ആകെ 50 സീറ്റാകും. ഇതാണ് ഇൻഡ്യ മുന്നണി തിരുവനന്തപുരത്ത് യാഥാർത്ഥ്യമാകുമോയെന്ന ചോദ്യം ഉയരാൻ കാരണം. ഇവിടെയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇന്നത്തെ പ്രതികരണത്തിന്റെ പ്രസക്തി. ആർക്കും ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ കോൺഗ്രസുമായി ചേർന്ന് ബിജെപിയുമായി ചേർന്ന ഭരണം പങ്കിടാൻ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നാണ് എം വി ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

1 st paragraph

അതേ സമയം, നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഇത്തരമൊരു നീക്കത്തിന് കോൺഗ്രസും സിപിഎമ്മും തയ്യാറാകുമോയെന്നതാണ് ചോദ്യം. സംസ്ഥാനത്തെ പ്രധാന മുന്നണികളായ എൽഡിഎഫും യുഡിഎഫും ബിജെപിക്കെതിരെ കൈകോർക്കാനുള്ള സാധ്യതകൾ വിരളമാണ്. വർഗീയശക്തികളുമായി യുഡിഎഫ് പരസ്യവും രഹസ്യവുമായ നീക്കുപോക്ക് ഉണ്ടാക്കിയെന്ന് എം വി ഗോവിന്ദനും പ്രതികരിച്ചു.