‘വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധപരാമര്‍ശം സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള വിധിയാണിത്’-പി കെ നവാസ്

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്.വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്റെ വിധിയാണിതെന്ന് പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. മലപ്പുറത്തിന്‍റെ ഉള്ളടക്കം വർഗീയമാണ് എന്ന് പറഞ്ഞ മുതിർന്ന സഖാവിന്‍റെ പാർട്ടിക്കെതിരെ മലപ്പുറത്തിന്‍റെ അനിവാര്യമായ വിധിയാണിത്. ഹിന്ദു ദിന പത്രത്തിലെ മുഖ്യന്‍റെ അഭിമുഖം മലപ്പുറത്തുക്കാർ മറന്നിട്ടില്ലെന്നതിന്‍റെ ഓർമ്മപ്പെടുത്തലാണ് ഈ റിസള്‍ട്ടെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം….

വിജയന്‍റെ പൊലീസ് വ്യാപകമായി കേസുകള്‍ വർധിപ്പിക്കാൻ ശ്രമിച്ച അനുഭവം മലപ്പുറത്തിനുണ്ട്.
വ്യാജ കേസുകള്‍ മലപ്പുറത്തുകാരുടെ പേരില്‍ എഴുതി നല്‍കിയ വിജയന്‍റെ പൊലീസിങ്ങിനെതിരെ കൂടിയാണ് ഈ വിധി. മലപ്പുറത്തിന്‍റെ ഉള്ളടക്കം വർഗീയമാണ് എന്ന് പറഞ്ഞ മുതിർന്ന സഖാവിന്‍റെ പാർട്ടിക്കെതിരെ മലപ്പുറത്തിന്‍റെ അനിവാര്യമായ വിധിയാണിത്. ഹിന്ദു ദിന പത്രത്തിലെ മുഖ്യന്‍റെ അഭിമുഖം മലപ്പുറത്തുക്കാർ മറന്നിട്ടില്ലെന്നതിന്‍റെ ഓർമ്മപ്പെടുത്തലാണ് ഈ റിസള്‍ട്ട്.
വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ മുഖ്യമന്ത്രിക്കെതിരെയുള്ള മലപ്പുറത്തിന്‍റെ വിധിയാണിത്. വർഗീയ നാക്കുകളെ ഫ്രന്‍റ് സീറ്റില്‍ ഇരുത്തി പായുന്ന സിപിഐഎമ്മിനുമെതിരെയാണ് ഈ വിധി.
പ്രതിപക്ഷമില്ലാത്തത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല, എന്നാല്‍ മലപ്പുറത്തെ കുറിച്ച് വർഗീയത മാത്രം പറയുന്ന രാഷ്ട്രീയത്തെ ഞങ്ങളുടെ പ്രതിപക്ഷ കസേരയിലും വേണ്ട എന്ന മലപ്പുറത്തിന്‍റെ തീരുമാനത്തെ തെളിഞ്ഞ രാഷ്ട്രീയ ബോധ്യമായി നമുക്ക് കാണാം. 15 ല്‍ 15 ബ്ലോക്ക് പഞ്ചായത്തും 12 ല്‍ 11 മുൻസിപ്പലിറ്റിയും വലിയ ഭൂരിപക്ഷത്തിലാണ് മലപ്പുറത്ത് യുഡിഎഫ് നേടിയത്. 94ല്‍ 90 ഓളം പഞ്ചായത്തും ചരിത്ര ഭൂരിപക്ഷത്തോടെ നമ്മള്‍ നേടി. മലപ്പുറത്തെ ജനങ്ങള്‍ മതേതര രാഷ്ട്രീയത്തെ ഏറ്റെടുക്കാൻ എക്കാലവും പ്രതിജ്ഞാബദ്ധമാണ്. അതിനിയും തുടരും.
– പികെ നവാസ്

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറായി കണക്കാക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മേല്‍ക്കൈ. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 340 ഗ്രാമപഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് മുന്നേറ്റം നടത്താനായത്.
26 ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുന്‍സിപ്പാലിറ്റികളില്‍ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എല്‍ഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുന്‍സിപ്പാലിറ്റികളില്‍ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ നാലിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 78, എല്‍ഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി.
