
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ ബാര്‍ബര്‍ ഷോപ്പിലെ തലമുടി വേസ്റ്റ് വിതറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍.തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. തെരഞ്ഞെടുപ്പിന് വേണ്ടി വിദേശത്ത് നിന്ന് നാട്ടിലെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകനായ ഷാബു സറഫുദ്ദീന്റെ വീടിന് മുന്നിലാണ് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ സഹോദരനായ സിയാദ് അബ്ദുള്‍ റഷീദ് തലമുടി വേസ്റ്റ് വിതറിയത്. സംഭവത്തില്‍ അബ്ദുള്‍ റഷീദിനെതിരെ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
രണ്ട് ചാക്ക് തലമുടി വേസ്റ്റാണ് ഇയാള്‍ വിതറിയത്. റഷീദ് വേസ്റ്റ് വിതറുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് ഷാബു സറഫുദ്ദീന്‍ പറയുന്നത്. ‘തെരഞ്ഞെടുപ്പില്‍ വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍ എന്റെ വീടിന് മുന്നില്‍ ബാര്‍ബര്‍ ഷോപ്പിലെ മാലിന്യം നിക്ഷേപിച്ചു. മറ്റുള്ളവരെ താറടിച്ച് കാണിക്കുന്ന രീതിയാണിത്. അത്തരം രീതിയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’, ഷാബു സറഫുദ്ദീന്‍ പറഞ്ഞു. വോട്ടെണ്ണല്‍ ദിവസം വിജയാഹ്ളാദത്തിനിടെയാണ് അബ്ദുള്‍ റഷീദ് വേസ്റ്റ് വിതറിയത്. എന്നാല്‍ എന്താണ് നടന്നതെന്ന് അറിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

അതേസമയം തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ഥലങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗവും അക്രമവും നടത്തുന്നത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യോങ്ങിയാല്‍ ആ കൈകള്‍ വെട്ടി മാറ്റുമെന്ന് വളാഞ്ചരി നഗരസഭാ മുന്‍ കൗണ്‍സിലറായ ബാവ എന്നറിയപ്പെടുന്ന ശിഹാബുദ്ദീന്‍ പറഞ്ഞു. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് നേതാക്കള്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും അരിവാള്‍ കൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാമെന്നും ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം സമീഷ് ഭീഷണിപ്പെടുത്തിയിരുന്നു. വോട്ടിന് വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുതെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി കെ വി മജീദിന്റെ പ്രസംഗവും പ്രചരിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നു മജീദിന്റെ അധിക്ഷേപ പ്രസംഗം.

