
തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ഇടതുപക്ഷം പരാജയപ്പെടുകയും ബിജെപി പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.കോര്‍പ്പറേഷനില്‍ അധികാരം ലഭിച്ചിരുന്നെങ്കില്‍ ആര്യ മികച്ച മേയര്‍ എന്ന് എല്ലാവരും പറഞ്ഞേനെയെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു.
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ജനവിധിയെ മാനിക്കുന്നുവെന്നും ഇടതുപക്ഷത്തിന്റെ പിന്നോട്ട് പോക്കിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ജനാധിപത്യപരമായി അധികാരത്തില്‍ വന്ന ഭരണസമിതിയെ അട്ടിമറിക്കാന്‍ ശ്രമിക്കില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ലേബര്‍ കോഡുകള്‍ക്കെതിരെ കേരളത്തിന്റെ പ്രതിരോധമാണ് ലേബര്‍ കോണ്‍ക്ലേവ് 2025 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബദല്‍ തൊഴില്‍ നയം രൂപീകരിക്കും. മറ്റ് സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനകളെ കേന്ദ്രം നിരസിച്ചു. ഡിസംബര്‍ 19ന് തിരുവനന്തപുരത്ത് കോണ്‍ക്ലേവ് നടക്കും. കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു രംഗത്തെത്തിയിരുന്നു. ‘പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്ബോള്‍ മാത്രമുള്ള അതിവിനയം, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം’ എന്നിങ്ങനേയുള്ള വിമര്‍ശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയര്‍ത്തിയത്. ആര്യയുടെ പേര് പറയാതെ പരോക്ഷമായിട്ടാണ് ഫേസ്ബുക്കിലൂടെ ഗായത്രി വിമര്‍ശനം ഉന്നയിച്ചത്. വിവാദമായതോടെ കുറിപ്പ് അവര്‍ പിന്‍വലിച്ചിരുന്നു.

ആര്യ രാജേന്ദ്രനെതിരെ ഒളിയമ്ബുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും രംഗത്ത് എത്തിയിരുന്നു. ചെറുപ്പക്കാര്‍ക്ക് അവസരം കിട്ടുമ്ബോള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ഉയര്‍ന്ന് വരാനുള്ള ഇടപെടല്‍ നടത്തണമായിരുന്നുവെന്നാണ് പ്രശാന്ത് പറഞ്ഞത്. മേയര്‍ അല്ല പരാജയകാരണമെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടെന്ന് പ്രശാന്ത് പറഞ്ഞെങ്കിലും കുറച്ചുകൂടി ചലനാത്മകമായി കൊണ്ടുപോകാന്‍ ശ്രമിക്കാത്തതിന്റെ ഒരു കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി ആര്യ രംഗത്ത് എത്തിയിരുന്നു. ഒരിഞ്ച് പിന്നോട്ടില്ലെന്നായിരുന്നു ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചത്. ‘Not an inch back’ എന്നെഴുതി വാട്ട്‌സാപ്പ് സ്റ്റാറ്റസിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ആര്യാ രാജേന്ദ്രന്‍ മറുപടി നല്‍കിയത്.
