
കൊടിയത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ കൊലവിളിയുമായി മുസ്‌ലിം ലീഗ്.സിപിഐഎം നേതാവും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥിയുമായിരുന്ന നാസർ കൊളായിയെയും മുൻ പഞ്ചായത്ത് പ്രസിഡന്റ് സിടിസി അബ്ദുല്ലയെയും കൊല്ലുമെന്നാണ് മുദ്രാവാക്യം. ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍ ആയിരിക്കും എന്നും മുദ്രാവാക്യത്തില്‍ പറയുന്നുണ്ട്. കൊടിയത്തൂർ പഞ്ചായത്ത് മുൻ വാർഡ് മെമ്ബർ എം ടി റിയാസും യൂത്ത് ലീഗ് നേതാവ് ചാലക്കല്‍ ഷമീറും ആണ് കൊലവിളി മുദ്രാവാക്യം വിളിച്ചത്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് കാരശ്ശേരി ഡിവിഷനില്‍ നിന്നും സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച നാസർ കൊളായി 18,525 വോട്ടാണ് നേടിയത്. ഇവിടെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായ മിസ്ഹബ് കൂഴരിയൂരാണ് വിജയിച്ചത്. 19,594 വോട്ടാണ് മിസ്ഹബ് നേടിയത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ഥലങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗവും അക്രമവും നടത്തുന്നത്. മലപ്പുറം വളാഞ്ചേരിയില്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് കൊലവിളി പ്രസംഗം നടത്തിയത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യോങ്ങിയാല്‍ ആ കൈകള്‍ വെട്ടി മാറ്റുമെന്നായിരുന്നു വളാഞ്ചരി നഗരസഭാ മുന്‍ കൗണ്‍സിലറായ ബാവ എന്നറിയപ്പെടുന്ന ശിഹാബുദ്ദീന്‍ പറഞ്ഞത്. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും ശിഹാബുദ്ദീന്‍ പറഞ്ഞിരുന്നു. ‘വീട്ടില്‍ കയറി കാല്‍ തല്ലിയൊടിക്കും. എതിര്‍ക്കാന്‍ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കില്‍ മുന്നോട്ട് വരണം. മുട്ടുകാല്‍ തല്ലിയൊടിക്കും’, എന്നായിരുന്നു ശിഹാബുദ്ദീന്റെ പ്രസംഗം.
മുസ്‌ലിം ലീഗ് നേതാക്കള്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും അരിവാള്‍ കൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാമെന്നും സിപിഐഎം ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം സമീഷ് ഭീഷണിപ്പെടുത്തിയിരുന്നു.
വോട്ടിന് വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുതെന്ന മലപ്പുറം തെന്നലയിലെ ഒന്നാം വാർഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി കെ വി മജീദിന്റെ പ്രസംഗം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നു മജീദിന്റെ അധിക്ഷേപ പ്രസംഗം.

അതേസമയം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്‌സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം.
