ദുബൈ എയര്‍പോര്‍ട്ടില്‍ റെക്കോര്‍ഡ് തിരക്ക്, കൂടെ കനത്ത മഴയും; യാത്രക്കാര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

ദുബൈ: അറേബ്യൻ ഉപദ്വീപിലുടനീളം രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദത്തെത്തുടർന്ന് യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ കനത്ത മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി (NCM).പടിഞ്ഞാറൻ മേഖലകളില്‍ വ്യാഴാഴ്ച രാത്രിയോടെ ആരംഭിക്കുന്ന മഴ അബൂദബിയിലേക്കും തുടർന്ന് വെള്ളിയാഴ്ചയോടെ ദുബൈ, അല്‍ ഐൻ, വടക്കൻ എമിറേറ്റുകള്‍ എന്നിവിടങ്ങളിലേക്കും വ്യാപിക്കും. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടുമെന്നതിനാല്‍ താമസക്കാരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഡിസംബർ 19 വെള്ളിയാഴ്ച രാജ്യത്തെ കാലാവസ്ഥ ഏറെ അസ്ഥിരമായിരിക്കും. ആകാശം പൂർണ്ണമായും മേഘാവൃതമാകാനും തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അന്തരീക്ഷം തണുക്കുന്നതോടെ ചിലയിടങ്ങളില്‍ ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റർ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റ് പൊടിയും മണലും ഉയർത്തുന്നത് റോഡുകളിലെ കാഴ്ചപരിധി കുറയ്ക്കും. താപനിലയില്‍ വലിയ കുറവുണ്ടാകുന്നതോടെ കനത്ത തണുപ്പും അനുഭവപ്പെടും. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ വാദി പ്രദേശങ്ങളില്‍ നിന്നും താഴ്ന്ന സ്ഥലങ്ങളില്‍ നിന്നും മാറിനില്‍ക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങുമെങ്കിലും വടക്കൻ, കിഴക്കൻ മേഖലകളില്‍ ചാറ്റല്‍ മഴ തുടരും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്ററായി കുറയുമെങ്കിലും പൊടിക്കാറ്റ് നിലനില്‍ക്കാൻ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ കാലാവസ്ഥ ശാന്തമാകുമെങ്കിലും പടിഞ്ഞാറൻ തീരദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം.
വിമാനത്താവളങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്ക്

കാലാവസ്ഥാ മാറ്റത്തിനൊപ്പം ദുബൈ വിമാനത്താവളം (DXB) ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസത്തിലൂടെയാണ് കടന്നുപോകുന്നത്. ഡിസംബർ മാസത്തില്‍ മാത്രം 8.7 ദശലക്ഷത്തിലധികം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോകുന്നത്. ഇതില്‍ ഡിസംബർ 20 ശനിയാഴ്ച മാത്രം മൂന്ന് ലക്ഷത്തിലധികം ആളുകള്‍ യാത്ര ചെയ്യുമെന്നാണ് കരുതുന്നത്.
കനത്ത മഴയും വിമാനത്താവളത്തിലെ റെക്കോർഡ് തിരക്കും ഒത്തുചേരുന്നത് യാത്രകളെ ബാധിക്കാൻ സാധ്യതയുണ്ട്. ശക്തമായ മഴയും പൊടിക്കാറ്റും കാരണം പ്രധാന ഹൈവേകളായ E11, E311 എന്നിവയില്‍ ഗതാഗതം മന്ദഗതിയിലായേക്കാം. അതിനാല്‍ വിമാനത്താവളത്തിലേക്ക് പോകുന്നവർ പതിവിലും നേരത്തെ യാത്ര തിരിക്കണം. കനത്ത ഇടിമിന്നല്‍ ഉണ്ടായാല്‍ സുരക്ഷ കണക്കിലെടുത്ത് വിമാനങ്ങളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
