
കൊച്ചി: ഉദയംപേരൂരില്‍ വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ്, ജീവൻ രക്ഷിക്കാനായി നടുറോഡില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു.കൊല്ലം സ്വദേശിയായ ലിനു (40) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
എറണാകുളം ഉദയംപേരൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ ലിനുവിന് മാരകമായി പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിക്കാൻ വൈകുന്നത് ലിനുവിന്റെ ജീവന് ഭീഷണിയാകുമെന്ന് കണ്ടതോടെ, സ്ഥലത്തെത്തിയ ഡോക്ടർമാർ വഴിമധ്യേ നടുറോഡില്‍ വെച്ച് തന്നെ ചെറിയ ശസ്ത്രക്രിയയ്ക്ക് മുതിരുകയായിരുന്നു.

ഡോക്ടർമാരുടെ ഈ അസാധാരണ പരിശ്രമം സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജീവൻ നിലനിർത്താൻ ഡോക്ടർമാരുടെ സംഘം പരമാവധി പരിശ്രമിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ അന്ത്യം സംഭവിക്കുകയായിരുന്നു.
