
കണ്ണൂര്‍: കണ്ണൂരിലെ ബാറുകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്. പരിശോധനയില്‍ മദ്യം നല്‍കുന്നതില്‍ ക്രമക്കേട് കണ്ടെത്തി.പഴയങ്ങാടിയിലെ ബാറില്‍ ഉപയോക്താക്കള്‍ക്ക് കൊടുക്കുന്ന മദ്യത്തിന്റെ അളവില്‍ കൃത്രിമം നടത്തുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. കസ്റ്റമര്‍ ഫിറ്റായി എന്ന് കണ്ടാല്‍ അളവില്‍ കുറവ് വരുത്തി തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ബാറിന് വിജിലന്‍സ് 25,000 രൂപ പിഴ ചുമത്തി. ചിലയിടങ്ങളില്‍ മദ്യത്തിന്റെ ബ്രാന്‍ഡിലും വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
‘ഓപ്പറേഷന്‍ ബാര്‍കോഡ്’ എന്ന പേരിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്ബ, പഴയങ്ങാടി, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ നാല് ബാറുകളിലാണ് പരിശോധന നടന്നത്. പഴയങ്ങാടി പ്രതീക്ഷാ ബാറില്‍ 60 ml പെഗ് മെഷര്‍ പാത്രത്തിന് പകരം 48 ml പാത്രമാണുണ്ടായിരുന്നത്. 30 ml പാത്രത്തിന് പകരം 24 ml പാത്രവും ഉപയോഗിക്കുന്നതായി കണ്ടെത്തി. രണ്ടോ മൂന്നോ പെഗ് കഴിച്ചതിന് ശേഷം കസ്റ്റമര്‍ക്ക് മദ്യം കൊടുക്കുന്നത് അളവ് കുറച്ചാണ് എന്നാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്.

