
തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍എസ്‌എസ് -യുഎസ്‌എസ് സ്‌കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സർക്കാർ. സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് എന്ന പേരിലാകും ഇനി പരീക്ഷകള്‍ നടക്കുക.എല്‍എസ്‌എസ് പരീക്ഷ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് എല്‍ പിയെന്നും യുഎസ്‌എസ് പരീക്ഷ സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് യു പി എന്നും ആക്കി.
സ്‌കോളർഷിപ്പ് നല്‍കുന്നതിന്റെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കോളർഷിപ്പ് കിട്ടാൻ 60 ശതമാനം മാർക്ക് എന്നത് മാറ്റി കട്ട് ഓഫ് മാർക്ക് എന്ന തരത്തില്‍ ആക്കാനാണ് തീരുമാനം. സി എം കിസ്ഡ് സ്‌കോളർഷിപ്പ് എല്‍പി പരീക്ഷയുടെ സർട്ടിഫിക്കറ്റുകള്‍ പരീക്ഷാഭവനില്‍നിന്നും സ്‌കൂള്‍ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന വിതരണം ചെയ്യും. സ്‌കോളർഷിപ്പ് തുക അടുത്ത അധ്യയന വർഷം മുതല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌കോളർഷിപ്പ് സെല്ലില്‍ നിന്നും വിതരണം ചെയ്യും. പരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങള്‍, ചോദ്യപേപ്പർ, ആവശ്യമായ ഫോറങ്ങള്‍ തുടങ്ങിയവ പരീക്ഷാഭവൻ തയ്യാറാക്കി നല്‍കും.

ജില്ലാതല പരീക്ഷാ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും ജില്ലയിലെ മൊത്തം പരീക്ഷാ പ്രവർത്തനങ്ങളും നടക്കുക. മൂല്യനിർണയത്തിന് ശേഷം ഉപജില്ലകളില്‍നിന്ന് ലഭിക്കുന്ന സ്‌കോർ പരിശോധിച്ച് ഉപജില്ല തിരിച്ച് പരീക്ഷാ ഭവൻ ഫലപ്രഖ്യാപനം നടത്തും. സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് എല്‍പി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് പരീക്ഷാർത്ഥികള്‍ക്കോ ബന്ധപ്പെട്ടവർക്കോ നല്‍കുന്നതല്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
അതേസമയം തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുന്നുവെന്നാണ് കെപിഎസ്ടിഎയുടെ വിമർശനം.

