
പാലക്കാട്: ആലത്തൂര്‍ പാടൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ സുരേഷ് പൊലീസ് പിടിയില്‍.പളനിയില്‍ നിന്നാണ് സുരേഷിനെ ആലത്തൂര്‍ പൊലീസ് പിടികൂടിയത്. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സുരേഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ചശേഷമായിരുന്നു അതിക്രമം. ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ഇയാളും ബിജെപി പ്രവര്‍ത്തകരായ വിഷ്ണു, അരവിന്ദ് എന്നിവരും ചേര്‍ന്ന് നശിപ്പിച്ചതായി പരാതിയുണ്ട്. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ദീപ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

അതേസമയം സുരേഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ബിജെപി കാവശേരി പഞ്ചായത്ത് കമ്മിറ്റി വാര്‍ത്തകുറിപ്പ് ഇറക്കിയതിന് പിന്നാലെ പാര്‍ട്ടി ബന്ധം തെളിയിക്കുന്ന ഫോട്ടോകള്‍, പാര്‍ട്ടി ഔദ്യോഗിക പേജില്‍ വന്ന വാര്‍ത്തകളും പുറത്തുവന്നു.
