‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങില്‍ വൻ ജനാവലി

കണ്ണൂർ: സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്.മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
പുസ്തക പ്രകാശന ചടങ്ങില്‍ ആളുകള്‍ വരുന്നത് തടയാൻ നീക്കം ഉണ്ടായെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി ഇല്ല. അതിനാലാണ് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമർശനം ഉന്നയിച്ചപ്പോള്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. ഞാൻ മോശക്കാരൻ ആണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും അശ്ലീല സന്ദേശങ്ങള്‍ നവമാധ്യമങ്ങള്‍ വഴി വരുന്നുണ്ടെന്നും വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമം നടന്നുവെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

താൻ തുറന്ന് പറച്ചില്‍ നടത്തിയ സമയത്തെ ചിലർ വിമർശിച്ചുവെന്നും തെരഞ്ഞെടുപ്പ് സമയത്ത് എതിരാളികള്‍ക്ക് മേല്‍ക്കൈ നല്‍കുമെന്ന് സഖാക്കള്‍ പറഞ്ഞിരുന്നു. സികെപി പത്മനാഭന് എതിരായ നടപടിയില്‍ ജാഗ്രത കുറവ് ഉണ്ടായി എന്നാണ് പാർട്ടി പറഞ്ഞത്. അന്ന് തൃപ്തികരമായ മറുപടി ആയിരുന്നില്ല പാർട്ടി നല്‍കിയതെന്നും സി കെ പത്മനാഭന് അതൃപ്തി ഉണ്ടായിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂരിലെ പാർട്ടിക്കുള്ളില്‍ വളർന്ന അസംതൃപ്തി ആണ് കാരയിലെ വൈശാഖിൻ്റെ വിജയത്തിന് കാരണമെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പാർട്ടി തകരണം എന്ന് ആഗ്രഹിക്കുന്ന ആളല്ല താൻ. ഇതിനേക്കാള്‍ മെച്ചപ്പെട്ട പാർട്ടി കേരളത്തില്‍ ഇല്ല. പാർട്ടിക്ക് അകത്ത് സംഭവിക്കാൻ പാടില്ലാത്തത് നടക്കുന്നു. അത് തിരുത്തിയാലേ പാർട്ടിക്ക് മുന്നേറാൻ കഴിയൂവെന്നും ആ ബോധ്യത്തില്‍ ആണ് തൻ്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടി വീണ്ടും അധികാരത്തില്‍ വരണമെന്നും പാർട്ടി നിലനിന്ന് പോകണമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഇന്നത്തെ നേതൃത്വത്തിൻ്റെ പോക്ക് ശരിയല്ല. അത് പാർട്ടിക്കകത്ത് പറഞ്ഞ് പ്രയോജനമില്ലാതെ ആയാല്‍ ജനങ്ങളോട് പറയണമെന്ന് പഠിപ്പിച്ചത് പാർട്ടിയാണെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
പാർട്ടിയെ ജാഗ്രതയോടെ വീക്ഷിക്കാൻ അണികള്‍ സന്നദ്ധമാകണം. വിമർശനവും സ്വയം വിമർശനവും പാർട്ടിയുടെ ജീവവായുയാണ്. ഇന്ന് പാർട്ടിക്ക് അകത്ത് വിമർശനം ഉന്നയിക്കുന്നവരെ പ്രത്യേക കണ്ണിലൂടെ നോക്കി കാണുന്നുവെന്നും വിമർശനം ഉന്നയിച്ചാല്‍ വിരോധം വെച്ച് പുലർത്തുന്നുവെന്നും ഇത് കമ്യുണിസ്റ്റ് പാർട്ടിക്ക് യോജിച്ചത് അല്ലയെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആശയപരമായ ഒരു വിയോജിപ്പും താൻ പ്രകടിപ്പിച്ചില്ല. സാമ്പത്തികം മാത്രം ആണ് പറഞ്ഞത്. ജനങ്ങളില്‍ നിന്നാണ് പാർട്ടി പണം പിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് വഴിയല്ലയെന്നും അദ്ദേഹം പറഞ്ഞു.
രക്തസാക്ഷി ഫണ്ടിൻ്റെ കണക്ക് പറയാം എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. അത് പറഞ്ഞാല്‍ നല്ലതാണെന്നും രക്തസാക്ഷി ഫണ്ട് പോലും അപഹരിക്കാൻ സന്നദ്ധമായ അവർ എങ്ങനെ ആണ് ഈ പാർട്ടിയെ നയിക്കുക. അവർക്ക് എതിരെ നടപടി എടുക്കുക അല്ലെ പാർട്ടി ചെയ്യേണ്ടതെന്നും വി കുഞ്ഞികൃഷ്ണൻ ചോദിച്ചു. ഫണ്ട് തട്ടിയവരെ സംരക്ഷിക്കാൻ ആണ് നോക്കുന്നത് എങ്കില്‍ പാർട്ടിയെ ആര് രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ വിവിധ മേഖലകളില്‍ നിന്ന് പലരും ബന്ധപ്പെടുന്നു ഞങ്ങളുടെ മേഖലയിലും ഇത്തരം വിഷയം ഉണ്ട് എന്ന് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കിടെയിലെ അസംതൃപ്തിയാണ്. കേരളത്തിലും പാർട്ടി അങ്ങനെ എത്തില്ല എന്ന് എങ്ങനെ പറയാൻ കഴിയും. അതിനാല്‍ തെറ്റ് തിരുത്താൻ അണികള്‍ തയ്യാറാകണം. കണക്ക് മറ്റന്നാള്‍ പുറത്ത് വിടും എന്ന് സിപിഐഎം പറയുന്നു. എൻ്റെ കണക്ക് പുറത്ത് വന്നാല്‍ അത് വഴി മറ്റൊരു കണക്ക് തയ്യാറാക്കി അവതരിപ്പിക്കാൻ ആണ് ശ്രമം. പാർട്ടി പറഞ്ഞിട്ടാണ് തെരഞ്ഞടുപ്പ് ഫണ്ട് ഓഡിറ്റ് ചെയ്തത്. മധുസൂദനൻ താൻ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയില്ലയെന്നും റിപ്പോർട്ടർ ചാനലില്‍ അരുണ്‍ കുമാർ ചോദിച്ച ചോദ്യങ്ങള്‍ക്കും മധുസൂദനൻ മറുപടി പറഞ്ഞില്ല. ഒരു പരസ്യ സംവാദത്തിന് താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം നേതൃത്വത്തോടുള്ള അഭ്യർത്ഥനയാണ് തനിക്ക് ഒരു രേഖയുടെയും ആവശ്യമില്ല. ഫണ്ട് പിരിവില്‍ ക്രമക്കേട് നടന്നു എന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
28 ആളില്‍ നിന്ന് തെരഞ്ഞടുപ്പ് ഫണ്ട് പിരിച്ചു. പക്ഷേ കമ്മിറ്റിക്ക് കൊടുത്ത കണക്ക് 20 ആളില്‍ നിന്ന് ഫണ്ട് പിരിച്ചു എന്നാണ്. ബാക്കി എട്ട് പേരുടെ പണം എവിടെ പോയി. അതിന് മധുസൂദനൻ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.വ്യാജ രസീത് അച്ചടിച്ച് ഓഡിറ്റിന് ഹാജരാക്കി. രസീത് കാണാതായി എന്നാണ് പറഞ്ഞത്. സിപിഐഎം കണക്ക് പുറത്ത് വിട്ടാല്‍ താൻ കൂടുതല്‍ കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട് പറയാം. കെട്ടിട നിർമ്മാണത്തിനായി ഒരു മാസത്തെ വേതനം സഹകരണ ജീവനക്കാരില്‍ നിന്ന് വാങ്ങി. അതിൻ്റെ കണക്ക് എവിടെയും കാണിച്ചില്ല. ആ പണം എവിടെ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം ഇല്ല. 70.5 ലക്ഷം ആണ് അവരില്‍ നിന്ന് പിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ധൻരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് കെട്ടിട ഫണ്ടിലേക്ക് വകമാറ്റി. അത് ഏരിയ കമ്മിറ്റിയില്‍ ചർച്ച ചെയ്തില്ല. ഓഡിറ്റ് നടത്തിയ ഞാൻ ഞെട്ടിപ്പോയിയെന്നും ഇത്തരം കണക്കുകള്‍ അംഗീകരിക്കാൻ വേണ്ടി ആണ് കെപി മധുവിനെ ഏരിയ സെക്രട്ടറി ആക്കിയതെന്നും രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറി കെപി മധു കട്ടുവെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പറ്റുമെങ്കില്‍ എനിക്ക് എതിരെ കേസ് കൊടുക്കട്ടെയെന്നും മധുസൂദനൻ ആശ്രിതരെ ഉപയോഗിച്ച് മർമറിംഗ് ക്യാംപെയിൻ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിപിഐഎം പ്രവർത്തകർ പരിപാടി അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞികൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നല്‍കിയിരുന്നു. രണ്ടുദിവസമായി സിപിഐഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ വി കുഞ്ഞിക്കൃഷ്ണനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസമാണ് വി കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയ വിവരം അറിയിച്ചത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്ന് കെ കെ രാഗേഷ് പറഞ്ഞിരുന്നു. ടി ഐ മധുസൂദനന്‍ എംഎല്‍എയെ കുഞ്ഞികൃഷ്ണന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎല്‍എയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞു.
എന്നാല്‍ തന്നെ പുറത്താക്കിയതിന് പിന്നാലെയും പാര്‍ട്ടി ആരോപണങ്ങള്‍ തള്ളിയും ഫണ്ട് ക്രമക്കേടില്‍ ഉറച്ചും നില്‍ക്കുകയാണ് വി കുഞ്ഞികൃഷ്ണന്‍. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പുതിയ കാര്യങ്ങളൊന്നുമില്ലെന്നും ചിലത് കേട്ടപ്പോള്‍ ചിരിയാണ് ഉള്ളാലെ വന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. കൈരളി തന്റെ അഭിമുഖം കൊടുക്കുമായിരുന്നെങ്കില്‍ അങ്ങനെ ചെയ്തേനെ. ഏത് ചാനലില്‍ അഭിമുഖം നല്‍കിയാലും പാര്‍ട്ടി നിലപാട് ഇത് തന്നെയായിരിക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
