സംസ്ഥാനത്ത് ചൂട് കനക്കുന്നു; യു വി സൂചികയില്‍ ഒന്നാമത് ഇടുക്കി, അഞ്ചു ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാല്‍ ജാഗ്രത നിർദേശവുമായി അധികൃതർ. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വർധിക്കുന്നുണ്ട്.യു വി ഇൻഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. 07ആണ് ഇടുക്കിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഏറ്റവും കൂടിയ യു വി സൂചികയാണ്. അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ യു വി ഇൻഡെക്‌സ് ആറാണ്.
6-7 വരെയുള്ള യു വി ഇൻഡെക്‌സ് മഞ്ഞ മുന്നറിയിപ്പില്‍ ഉള്‍പ്പെടുന്നതിനാല്‍ ജനങ്ങള്‍ മുൻകരുതല്‍ സ്വീകരിക്കണമെന്നാണ് നിർദേശം. കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിർദേശം. പകല്‍ 10 മുതല്‍ മൂന്നു മണിവരെയാണ് ഉയർന്ന യു വി സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ പുറം ജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ മത്സ്യബന്ധനത്തിനും പോകുന്നവർ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികള്‍, കാൻസർ രോഗികള്‍, ചർമ- നേത്ര രോഗങ്ങളുള്ളവരെല്ലാം പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

പകല്‍സമയത്ത് പുറത്തിറങ്ങുന്നവർ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക, ശരീരം മുഴുവൻ മറയുന്ന പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്നീ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു വി സൂചിക ഉയർന്ന നിലയിലായിരിക്കും. തെളിഞ്ഞ ആകാശമാണെങ്കിലും സ്ഥിതി സമാനമാണ്. ജലാശയം, മണല്‍ പ്രതലങ്ങള്‍ ഈ രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം ഇടങ്ങളിലും യു വി സൂചിക ഉയർന്നതാവും.
