
താനൂർ : രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി താനൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷ്ണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) പരിശോധനയില്‍ താനൂര്‍ യു.പി.എച്ച്.സി. 93.15 % മാര്‍ക്ക് നേടി. ജനുവരി അഞ്ച്, ആറ് തീയതികളില്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ രണ്ടംഗ സംഘം ആശുപത്രിയില്‍ നടത്തിയ വിശദ പരിശോധനയെ തുടര്‍ന്നാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശിയ തലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍ക്യുഎ.എസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.

തീരദേശ ജനതയ്ക്ക് ഏറെ ആശ്വാസം പകരുന്ന ആശുപത്രിയാണ് താനൂര്‍ യു.പി.എച്ച്. സി. ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം, എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗനിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരം ലഭിക്കാന്‍ കാരണമായത്. ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും.
താനൂര്‍ യു.പി.എച്ച്.സി.യില്‍ ലാബ് ടെക്നിഷ്യന്‍, ഫാര്‍മസിസ്റ്റ് ജീവനക്കാരുടെ സേവനവും മരുന്നുകളുടെ ലഭ്യതയും അധികൃതര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ലബോറട്ടറിയുടെയും ഫാര്‍മസിയുടെയും പ്രവര്‍ത്തനം കാര്യക്ഷമാക്കുകയും കണ്‍സള്‍ട്ടേഷന്‍, ഒബ്സര്‍വേഷന്‍ മുറികളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്തു. നഗരസഭയുടെയും എന്‍.എച്ച്.എമ്മിന്റെയും ഫണ്ടുകള്‍ വിനിയോഗിച്ച് കുത്തിവെയ്പ്പിനും മൈനര്‍ സര്‍ജറിക്കും കൗണ്‍സിലിങ്ങിനും ഉള്ള മുറികള്‍, മുലയൂട്ടുന്നതിനുള്ള മുറികള്‍, ആശുപത്രി മാലിന്യ സംസ്‌കരണം, ആശുപത്രി ജീവനക്കാര്‍ക്ക് വിവിധതരം പരിശീലന പരിപാടികള്‍, അണുനശീകരണ സംവിധാനങ്ങള്‍, കൗമാരാരോഗ്യ ക്ലീനിക്കുകള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുകയും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്തു.

ഇന്ത്യയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ആരോഗ്യ മേഖലയിലെ സമഗ്രമായ വികസനത്തിനായി മിനിസ്ട്രി ഓഫ് ഹെല്‍ത്ത് &ഫാമിലി വെല്‍ഫെയര്‍ നടപ്പാക്കുന്ന അക്രെഡിറ്റേഷന്‍ പദ്ധതിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്. ജില്ലാതല ആശുപത്രി മുതല്‍ താലൂക്ക് ആശുപത്രി, സാമൂഹിക ആരോഗ്യ കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, സബ് സെന്റര്‍ വരെയുള്ളആരോഗ്യ സ്ഥാപനങ്ങളില്‍ അക്രെഡിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. അന്തര്‍ദേശീയ നിലവാര നിര്‍ണയ ഏജന്‍സിയായ ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍ (ഐ.എസ്.ക്യു.എ.) അംഗീകരിച്ചതാണ് എന്‍.ക്യു.എ.എസ്. ഈ അംഗീകാരം ലഭിച്ചിട്ടുള്ള ആശുപത്രികള്‍ക്കു ഒരു കിടക്കയ്ക്ക് പതിനായിരം രൂപ എന്ന നിലയിലും കിടത്തി ചിത്സയില്ലാത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും രണ്ട് ലക്ഷം രൂപാ വീതം മൂന്നു വര്‍ഷത്തേക്ക് ഇന്‍സെന്റീവ് ലഭിക്കും. മൂന്നു വര്‍ഷത്തിനു ശേഷം ദേശീയതലത്തില്‍ പുനഃപരിശോധനയും ഉണ്ടാകും.
