ചെലവ് നിരീക്ഷിക്കാൻ 48 വീതം ഫ്ലൈയിങ് – സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡുകൾ രൂപീകരിച്ചു

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനും സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവുകൾ നിരീക്ഷിക്കുന്നതിനും ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്ലൈയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡുകളും രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ ഉത്തരവായി. 16 മണ്ഡലങ്ങൾക്കായി ആകെ 48 വീതം ഫ്ലൈയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡുകളുമാണ് രൂപീകരിച്ചത്.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നീതിയും സുതാര്യതയും ഉറപ്പു വരുത്തുക, അഴിമതി, അനാവശ്യ സ്വാധീനം, അന്യായ നേട്ടങ്ങൾ എന്നിവ തടയുക, സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കുക, സാമ്പത്തിക ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിക്കുക തുടങ്ങിയവ ചുമതലകളാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ നിയമവിരുദ്ധമായ പണമിടപാടുകള്‍, മദ്യവിതരണം, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, സ്വാധീനിക്കല്‍, അമിതമായ പ്രചാരണ ചെലവുകള്‍ എന്നിവ നിരീക്ഷിക്കും.
പണമായോ വസ്തുക്കളായോ കൈക്കൂലി നല്‍കല്‍, നിയമ വിരുദ്ധ ആയുധങ്ങള്‍, വെടിമരുന്ന് എന്നിവ കൈവശം വെക്കല്‍, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സ്‌ക്വാഡ് നിരീക്ഷിക്കുകയും പരിശോധനകളുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്യും.

ഫ്ലെയിങ് സ്‌ക്വാഡ് ടീം ലീഡര്‍മാരായി നിയമിതരായ ഉദ്യോഗസ്ഥര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായിരിക്കും. ഓരോ ഫ്ലൈയിങ് സ്‌ക്വാഡിലും എസ്.ഐ.റാങ്കില്‍ കുറയാത്ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും വീഡിയോഗ്രാഫറും ഒന്നു മുതല്‍ രണ്ടു വരെ സായുധ പൊലീസ് ഉദ്യോഗസ്ഥര്‍/ അസിസ്റ്റന്റുമാര്‍ എന്നിവര്‍ ഉണ്ടായിരിക്കും. ഇവര്‍ അതതു നിയോജക മണ്ഡലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജരായിരിക്കും.
സംസ്ഥാന- ജില്ലാ – മണ്ഡലം അതിർത്തികളിലെ വിവിധ ചെക്ക്പോസ്റ്റുകളില്‍ 48 സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകൾ നിരീക്ഷണം നടത്തും. ഓരോ സ്ക്വാഡിലും ടീം ലീഡർ കൂടാതെ എ.എസ്.ഐ.റാങ്കില്‍ കുറയാത്ത മുതിര്‍ന്ന പൊലീസ് ഉദ്യാഗസ്ഥരും വീഡിയോഗ്രാഫറും ഒന്നു മുതല്‍ രണ്ടു വരെ സായുധ പൊലീസ് /അസിസ്റ്റന്റും ഉണ്ടായിരിക്കും. ടീമുകള്‍ പ്രധാന റോഡുകളിലും ജില്ല-സംസ്ഥാന അതിര്‍ത്തികളിലും ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ച് പരിശോധനകള്‍ നടത്തുകയും അവയുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്യും.
ഫ്ലെയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡ് എന്നിവയില്‍ നിയമിതരായ ഉദോയാഗസ്ഥര്‍ക്ക് മാര്‍ച്ച് ഒന്‍പതിന് രാവിലെ 10 മുതല്‍ ഒന്നുവരെ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ പരിശീലനം നല്‍കും.
